ബെലഗാവി : കർണാടകയിലെ ബെലഗാവിയിൽ 21കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിൽ. ബെലഗാവി ജില്ലയിലെ രായഭാഗ പട്ടണത്തിൽ താമസിക്കുന്ന സുധ ഭോസ്‌ലെയാണെന്ന് ബെലഗാവി പൊലീസ് അറസ്റ്റ് ചെയ്‌ത്. ഹരിപ്രസാദ് ഭോസ്‌ലെ എന്ന യുവാവിനെയാണ് മെയ് 28ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹേതര ബന്ധം അറിഞ്ഞതിലുള്ള വൈരാഗ്യത്തിൽ മകനെ സുധ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയത്.
കൊലപാതകത്തിൽ ഇവരെ സഹായിച്ച വൈശാലി സുലീൻ മാനെ, ഗൗതം സുനിൽ മാനെ, പ്രായപൂർത്തിയാകാത്ത ഒരാണ്‍കുട്ടി എന്നിവരെയും പൊലീസ് പിടികൂടി. മെയ് 28നാണ് ഹരിപ്രസാദ് ഭോസ്‌ലെയെ സംശയാസ്‌പമായ രീതിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബെലഗാവി എസ്‌പി സഞ്ജീവ് പാട്ടീൽ പറഞ്ഞു. ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായി മരണപ്പെട്ടു എന്ന് കാട്ടി സ്വാഭാവിക മരണമായാണ് കേസ് പരിഗണിച്ചത്.
എന്നാൽ യുവാവിന്‍റെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അമ്മ സുധ ഭോസ്‌ലെയാണ് മകൻ ഹരിപ്രസാദ് ഭോസ്‌ലെയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. ഇവരെക്കൂടാതെ വൈശാലി സുലീൻ മാനെ, ഗൗതം സുനിൽ മാനെ എന്നിവരും കൊലപാതകത്തിന് സഹായിച്ച പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായിട്ടുണ്ട്,'' എസ്‌പി പറഞ്ഞു.
പൊലീസ് പറയുന്നതിങ്ങനെ : മരിച്ച ഹരിപ്രസാദിന്‍റെ അമ്മ സുധ ഭോസ്‌ലെ ആറ് മാസം മുൻപ് ഭർത്താവ് സന്തോഷ് ഭോസ്‌ലെയുമായി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ ഭർത്താവുമായി പിണങ്ങി ഇവർ മറ്റൊരു വീട്ടിൽ താമസമാക്കി. അമ്മ സുധയ്‌ക്കൊപ്പമാണ് മകൻ ഹരിപ്രസാദും താമസിച്ചിരുന്നത്. സുധയുടെ വിവാഹേതര ബന്ധത്തെച്ചൊല്ലി ഹരിപ്രസാദ് നിരന്തരം വീട്ടിൽ വഴക്കിടുമായിരുന്നു.
കൂടാതെ ഇക്കാര്യങ്ങൾ അച്ഛനോടും മറ്റ് ബന്ധുക്കളോടും ഇയാൾ പറയുകയും ചെയ്‌തു. എന്നാൽ ഇക്കാര്യം മറ്റുള്ളവരോട് പറയരുത് എന്ന് സുധ ഹരിപ്രസാദിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവയെല്ലാം യുവാവ് അവഗണിച്ചതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനിടെയാണ് മെയ് 28 ന് വീട്ടിൽ ഉറങ്ങിക്കിടന്ന ഹരിപ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ : 11 മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് 12കാരന്‍ ; കേസെടുത്ത് പൊലീസ്, കുട്ടി ഗുരുതരാവസ്ഥയില്‍
തുടർന്ന് ഭർത്താവ് സന്തോഷിനെയും ബന്ധുക്കളേയും വിളിച്ച സുധ, ഹരിപ്രസാദിന് ഹൃദയാഘാതം ഉണ്ടായെന്നും ഉറക്കത്തിനിടെ മരിച്ചുവെന്നും പറയുകയായിരുന്നു. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ രായഭാഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇവരുടെ മൊഴി പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്‌തു.
അന്വേഷണത്തിൽ ഹരിപ്രസാദിന്‍റെ കഴുത്തിൽ ചില മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസിന് കണ്ടെത്താനായി. ഇതോടെ ഹരിപ്രസാദിന്‍റേത് കൊലപാതകമാണെന്ന് ഉറപ്പിക്കുകയും സംശയം മാതാവിലേക്ക് നീളുകയും ചെയ്‌തു. തുടർന്ന് ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇവർ സമ്മതിക്കുകയായിരുന്നു. കേസിൽ ആകെ 7 പേരാണ് പ്രതികളാണുള്ളതെന്നും മറ്റുള്ളവരെ ഉടൻ തന്നെ പിടികൂടുമെന്നും എസ്‌പി സഞ്ജീവ് പാട്ടീൽ അറിയിച്ചു.