ആഗ്ര (ഉത്തര്‍ പ്രദേശ്) : മോഡേണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുന്നതിന്‍റെ പേരില്‍ മരുമകളും അമ്മായിഅമ്മയും തമ്മിലുളള പോര് ജീവിതത്തിലും സിനിമയിലും നാം പലതവണ കണ്ടതാണ്. മരുമകള്‍ പുതിയ ഫാഷനിലുളള വസ്‌ത്രങ്ങള്‍ ധരിക്കുമ്പോള്‍ അങ്ങനെയുളളവ ധരിക്കരുതെന്നും പരമ്പരാഗതശൈലി പിന്തുടരണമെന്നും അമ്മായിഅമ്മമാര്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമായുളള ഒരു സംഭവമാണ് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ അരങ്ങേറിയിരിക്കുന്നത് (Mother-in-law forces daughter-in-law to wear western outfit in Agra).
അമ്മായിയമ്മയും മരുമകളും തമ്മിൽ നിസാര പ്രശ്‌നങ്ങളുടെ പേരിലുള്ള പരമ്പരാഗത വഴക്കല്ല ഇത്. മറിച്ച് പരമ്പരാഗത സാരി ഉപേക്ഷിച്ച് ജീന്‍സും ടോപ്പും പോലുളള മോഡേണ്‍ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ മരുമകളോട് ഒരു അമ്മായിഅമ്മ ആവശ്യപ്പെട്ടതിന്‍റെ പേരിലുളള പ്രശ്‌നമാണ് ചര്‍ച്ചയായിരിക്കുന്നത്. ജീന്‍സും ടോപ്പും സ്ഥിരം ധരിക്കാറുളള അമ്മായിഅമ്മ മരുമകളും തന്നെ പോലെ പുതിയ ഫാഷന്‍ പിന്തുടരണമെന്ന് വളരെയധികം ആഗ്രഹിക്കുന്നു.
അതിനാല്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മരുമകളോട് നിരന്തരം വഴക്കുണ്ടാക്കുകയാണ് ഇവര്‍. മോഡേണ്‍ വസ്‌ത്രധാരണം ശീലമാക്കിയ അമ്മായിഅമ്മ മരുമകളുടെ സ്ഥിരം വസ്‌ത്രമായ സാരിയില്‍ വളരെ അസന്തുഷ്‌ടയാണ്. പരമ്പരാഗത സാരി ഉപേക്ഷിച്ച് ജീൻസ് ധരിക്കാൻ അമ്മായിഅമ്മ സമ്മർദം ചെലുത്തുന്നുവെന്നും ഇതിന്‍റെ പേരില്‍ നിരന്തരം വഴക്കുണ്ടാക്കുന്നു എന്നും ആരോപിച്ച് മരുമകള്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്..
ആഗ്ര ജില്ലയിലെ ഹരിപര്‍വത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇതില്‍ പരിഹാരം കാണുന്നതിനായി ആഗ്ര പൊലീസിന്‍റെ ഫാമിലി കൗണ്‍സിലിങ് സെന്‍ററിന്‍റെ സഹായം തേടിയിരിക്കുകയാണ് മരുമകള്‍. മൂന്ന് മാസം മുന്‍പാണ് യുവതി വിവാഹിതയായത്. ഇവരുടെ ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.
ഞായറാഴ്‌ചയാണ് യുവതിയും ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളുമെല്ലാം ഫാമിലി കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. ഇവിടെ വച്ച്, തന്‍റെ ഗ്രാമത്തില്‍ സാരി ധരിക്കുന്ന ഒരു പാരമ്പര്യമുണ്ടെന്നും എന്നാല്‍ വിവാഹശേഷം താന്‍ സാരി ഉടുക്കുന്നത് അമ്മായിഅമ്മയ്‌ക്ക് ഇഷ്‌ടമല്ലെന്നും മരുമകള്‍ പരാതിപ്പെട്ടു. സാരി ഉടുത്ത സമയത്ത് അവര്‍ എന്നെ കളിയാക്കുകയും എന്നോട് വഴക്കിടുകയും ചെയ്യുന്നു.
അവര്‍ എന്നോട് ജീന്‍സും ടോപ്പും ധരിക്കാന്‍ പറയുന്നു. എന്നാല്‍ എനിക്ക് അങ്ങനെയുളള വസ്‌ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്‌ടമല്ല. ഇക്കാര്യം തന്‍റെ ഭര്‍ത്താവിനോട് എപ്പോള്‍ പറഞ്ഞാലും അദ്ദേഹം അമ്മയുടെ ഭാഗത്തും നില്‍ക്കുകയും ജീന്‍സും ടോപ്പും ധരിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്യുന്നു, മരുമകള്‍ തുറന്നുപറഞ്ഞു. അമ്മ പറഞ്ഞതിനെതിരെ സംസാരിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ മര്‍ദിക്കുകയായിരുന്നു എന്നും യുവതി കൂട്ടിച്ചേര്‍ത്തു.
അതേസമയം വിഷയത്തില്‍ ഭാര്യഭര്‍ത്താക്കന്മാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫാമിലി കൗണ്‍സിലിങ് സെന്‍റര്‍ നോഡല്‍ എസിപി സുകന്യ ശര്‍മ പറഞ്ഞു. എന്നാൽ ഇരു കക്ഷികളും തമ്മിൽ ഇതുവരെ ഒരു അനുരഞ്ജനവും സാധ്യമായില്ല. അതിനാൽ, ഞങ്ങൾ അവരെ ഒരു തവണകൂടി ഇവിടേക്ക് വിളിച്ചിട്ടുണ്ട്, അവർ കൂട്ടിച്ചേർത്തു.