അനകപ്പള്ളി (ആന്ധ്രാപ്രദേശ്): പാരമ്പര്യ സ്വത്തുവകകള്‍ വീതം വയ്‌ക്കുമ്പോള്‍ ചിലയിടത്തെല്ലാം ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചെന്ന് പരാതികള്‍ ഉയരാറുണ്ട്. പ്രിയ പുത്രനെയും മാനസപുത്രിയേയുമെല്ലാം പരിഗണിച്ച് മാതാപിതാക്കള്‍ ഒരല്‍പം സ്നേഹക്കൂടുതല്‍ വീതം വയ്‌ക്കലിലും കാണിച്ചെന്നും വരാം. എന്നാല്‍ വീതം വയ്‌പ്പില്‍ അസമത്വം കാണിച്ച് തങ്ങളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായ മക്കളെ വല്ലാതെ പരിഗണിക്കുന്ന ഈ രീതി തെറ്റാണെന്നും കുറ്റപ്പെടുത്താനാവില്ല.
ഇത്തരത്തിലൊന്നാണ് ആന്ധ്രയിലെ അനകപ്പള്ളി ജില്ലയിലുള്ള രാജുപേട്ടയിലും അരങ്ങേറിയത്. മൂന്ന് ആണ്‍മക്കളും ഒരു പെണ്‍മകളുമുള്ള കരി നാഗമ്മ എന്ന മാതാവ് തന്‍റെ ഏക സമ്പാദ്യമായ വീട് മകളുടെ പേരില്‍ മാത്രം എഴുതി വച്ചതിനെ തുടര്‍ന്ന് ആണ്‍മക്കള്‍ വീട് തകര്‍ത്തു. നാഗമ്മയുടെ വിവാഹിതരായ നാല് മക്കളും വെവ്വേറെയായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന നാഗമ്മയുടെ കാര്യങ്ങളില്‍ ആണ്‍മക്കളാരും തന്നെ ഇടപെട്ടിരുന്നില്ല. എന്നാല്‍ മകള്‍ ബോറ രമണമ്മ അമ്മയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ മാസം നാഗമ്മ തന്‍റെ പേരിലുള്ള വീട് മകള്‍ രമണമ്മയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത് നല്‍കുകയായിരുന്നു.
മക്കള്‍ക്ക് സഹിച്ചില്ല: എന്നാല്‍ ഈ വിവരമറിഞ്ഞ നാഗമ്മയുടെ ആണ്‍മക്കള്‍ക്ക് ദേഷ്യം അടക്കാനായില്ല. ഇവരില്‍ ടാറ്റ റാവു, ശ്രീനു എന്നീ രണ്ട് മക്കള്‍ ചേര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 12ന് നാഗമ്മ താമസിക്കുന്ന വീട് പൊളിച്ചുകളയുകയായിരുന്നു. ഇതേത്തുടര്‍ന്ന് നാഗമ്മ മകള്‍ രമണമ്മയ്‌ക്കൊപ്പം മുനഗപക പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. 68കാരിയായ തന്‍റെ ഏക ആശ്രമായ വീടാണ് മക്കള്‍ തകര്‍ത്തുകളഞ്ഞതെന്നും ഇവര്‍ പരാതിയില്‍ അറിയിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞും പൊലീസ് അധികൃതരില്‍ നിന്ന് നടപടികളൊന്നുമുണ്ടായില്ലെന്ന് നാഗമ്മ കുറ്റപ്പെടുത്തി. എന്നാല്‍ വീട് തകര്‍ത്തു എന്ന പരാതി ലഭിച്ച ഉടനെ തന്നെ മക്കളെ വിളിച്ചുവരുത്തിയെന്നും എന്നാല്‍ ഇത് തങ്ങളുടെ വീട്ടുകാര്യമാണെന്നും അത് തങ്ങള്‍ പരിഹരിച്ചോളാമെന്ന് ഇവര്‍ അറിയിച്ചതോടെയുമാണ് കേസ് രജിസ്‌റ്റര്‍ ചെയ്യാതിരുന്നതെന്നും മുനഗപക പൊലീസ് സ്‌റ്റേഷന്‍ എസ്‌ഐ മുഹമ്മദ് അലി പറയുന്നു.
വീതം വയ്‌പ്പ് കൊലപാതകത്തിലേക്ക്: ഇക്കഴിഞ്ഞ ഡിസംബറില്‍ വീതം വയ്‌പ്പിലെ തര്‍ക്കത്തില്‍ സ്‌ത്രീ അടക്കം നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തി സംഭവമുണ്ടായി. നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു നാസിക് സ്വദേശിയായ അശോക് രമേഷ് ബലേറോയെ ഇവര്‍ കൊലപ്പെടുത്തിയത്.
2019 സെപ്‌റ്റംബര്‍ രണ്ടിനാണ് ഇന്ദിരാനഗര്‍ ജോഗിങ് ട്രാക്കിന് സമീപം അശോകിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ബൈക്കുണ്ടായിരുന്നതില്‍ അപകടമായിരിക്കാം മരണകാരണമെന്ന നിഗമനത്തിലെത്തി. എന്നാല്‍ സംശയം തോന്നിയതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തില്‍ രജനി ഉക്കെ എന്ന സ്‌ത്രീയുടെ പേരില്‍ അശോക് നാല് കോടി രൂപ ഇന്‍ഷുറന്‍സ് തുകയായി നിക്ഷേപിച്ചുവെന്ന് കണ്ടെത്തി. രജനിയെ പൊലീസ് ചോദ്യം ചെയ്‌തതോടെ സംഘത്തിലുണ്ടായിരുന്നവരുടെ പേരുകള്‍ ഇവര്‍ വെളിപ്പെടുത്തുകയായിരുന്നു. ഇന്‍ഷുറന്‍സ് തുക നിക്ഷേപിക്കുമ്പോള്‍ ഭാര്യയായി ചേര്‍ത്തിയിരുന്നത് രജനിയുടെ പേരാണെന്നും ഇത് തട്ടാനായിരുന്നു കൊലപാതകമെന്നും അങ്ങനെ വെളിച്ചത്തു വരികയായിരുന്നു.