ഭോപ്പാൽ: വീടിന് പുറത്ത് കളിക്കവെ കുറുക്കൻ പിടിച്ച അഞ്ച് വയസുള്ള കുഞ്ഞിനെ രക്ഷിച്ച് അമ്മ. ശിവപുരി ജില്ലയിലെ താക്കൂർപുര പ്രദേശത്താണ് സംഭവം. സമീപത്തെ മാധവ് നാഷണൽ പാർക്കിൽ നിന്ന് വന്ന കുറുക്കൻ വീടിന് പുറത്ത് കളിക്കുകയായിരുന്ന അഞ്ച് വയസുള്ള ആദിത്യയെ പിടികൂടിയിരുന്നു.
ഇത് കണ്ട അമ്മ കുറുക്കന് നേരെ കല്ലെറിഞ്ഞു. തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് കുറുക്കൻ നാഷണൽ പാർക്കിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞിനെ ശിവപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധവ് നാഷണൽ പാർക്കിൽ നിന്നും വന്യമൃഗങ്ങൾ താക്കൂർപുര പ്രദേശത്ത് വരുന്നത് പതിവാണ്.
ദിവസങ്ങൾക്ക് മുൻപ് സിദ്ധി ജില്ലയിലുണ്ടായ സമാന സംഭവത്തിൽ എട്ട് വയസുകാരനായ മകനെ കടിച്ചെടുത്ത് രക്ഷപ്പെട്ട പുലിക്ക് പിന്നാലെ ഒരു കിലോമീറ്ററോളം ഓടി അമ്മ മകനെ തിരിച്ചെടുത്തിരുന്നു. ബൈഗ ഗോത്രത്തിലെ കിരൺ എന്ന സ്‌ത്രീയാണ് പുലിക്ക് പിന്നാലെ പോയി അതിസാഹസികമായി മകനെ രക്ഷിച്ചത്.
മറ്റൊരു സംഭവത്തിൽ, ഒരു മണിക്കൂറോളം കടുവയുമായി പോരാടി തന്‍റെ സഹപ്രവർത്തകരെ സത്പുര കടുവാ സങ്കേതത്തിലെ ജിരിയ ബീറ്റിലെ ഫോറസ്റ്റ് ഗാർഡായ സുധ രക്ഷിച്ചിരുന്നു. സംഭവം അറിഞ്ഞ സിനിമ താരം വിദ്യ ബാലൻ സുധയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.