ചെന്നൈ : തമിഴ്‌നാട്ടില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ച സംഭവത്തില്‍ മോര്‍ച്ചറി ജീവനക്കാരന് സസ്‌പെന്‍ഷന്‍. ചെന്നൈയിലെ കില്‍പാക്കം ആശുപത്രിയിലെ മോര്‍ച്ചറി അസിസ്റ്റന്‍റ് പനീര്‍ശെല്‍വത്തെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. കുഞ്ഞിന്‍റെ മൃതദേഹം വിട്ടുനല്‍കാന്‍ 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും കുടുംബം.
പണം നല്‍കാത്തതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ അഞ്ച് ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായും കുടുംബത്തിന്‍റെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു (Baby Dies After Birth Amid Heavy Rains).
ഡിസംബര്‍ അഞ്ചിനാണ് ചെന്നൈയിലെ പുലയന്തോപ്പ് സ്വദേശിയായ മസൂദിന്‍റെ ഭാര്യ സൗമ്യ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തമിഴ്‌നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ മസൂദിന്‍റെ വീട്ടില്‍ വെള്ളം കയറിയിരിക്കുകയായിരുന്നു. അതിനിടെ വീട്ടിലാണ് ഭാര്യ സൗമ്യ പ്രസവിച്ചത് (Kilpakkam Hospital In Chennai).
ശക്തമായ മഴയെ തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. പ്രസവത്തെ തുടര്‍ന്ന് മസൂദ് ഭാര്യയേയും കുഞ്ഞിനെയും കൂട്ടി വീടിന് പുറത്തേക്കിറങ്ങി. അതിനിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ കില്‍പാക്കം ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. സൗമ്യയ്‌ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്‌തു (Tamil Nadu Heavy Rains).
ആശുപത്രിയിലെത്തിച്ച കുഞ്ഞിന്‍റെ മൃതദേഹം അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ മൃതദേഹം വിട്ടുനല്‍കാന്‍ മോര്‍ച്ചറി ജീവനക്കാരന്‍ പണം ആവശ്യപ്പെട്ടുവെന്ന് മസൂദ് പറയുന്നു. 2500 രൂപ നല്‍കിയാലെ കുഞ്ഞിന്‍റെ മൃതദേഹം വിട്ടുനല്‍കുവെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്. എന്നാല്‍ പണം നല്‍കാത്തതിനാല്‍ മൃതദേഹം ജീവനക്കാര്‍ വിട്ടുനല്‍കിയില്ല. സംഭവത്തിന് പിന്നാലെ വിവരമറിഞ്ഞ പുളിയന്തോപ്പ് പൊലീസ് ഉദ്യോഗസ്ഥരെത്തിയതോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം മസൂദിന് കൈമാറിയത് (Mortuary Assistant Suspended In Chennai).
കുഞ്ഞിന്‍റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞിരുന്നില്ലെന്നും കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നതെന്നും മസൂദ് പറയുന്നു. കുഞ്ഞിന്‍റെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ചുമക്കുന്ന പിതാവിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ ഏതാനും ചില ഇസ്‌ലാമിക സന്നദ്ധ സംഘടനകളെത്തി മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ആശുപത്രി മാനേജ്‌മെന്‍റ് പറഞ്ഞു. അന്വേഷണത്തില്‍ പനീര്‍ശെല്‍വം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ കടുത്ത നിയമ നടപടിയുണ്ടാകണം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പനീര്‍ ശൈല്‍വം സസ്‌പെന്‍ഷനില്‍ തുടരുമെന്നും കില്‍പാക്കം ആശുപത്രി മാനേജ്‌മെന്‍റ് അറിയിച്ചു.
ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ കുഞ്ഞ് മരിച്ചതിനാല്‍ സ്വാഭാവിക മരണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് കുഞ്ഞിന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണമില്ല.
സസ്‌പെന്‍ഷന്‍ വെറും നാടകം: സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്ത്. കുഞ്ഞിന്‍റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ അഞ്ച് ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച സംഭവത്തില്‍ മോര്‍ച്ചറി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തത് വെറും നാടകമാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Also read: നവജാത ശിശുവിന്‍റെ മരണം കൊലപാതകം; മുഖത്ത് വെള്ളമൊഴിച്ച് കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍