സാംബല്‍പൂര്‍: രണ്ട് കമ്പനികള്‍ നികുതി വെട്ടിച്ച് സൂക്ഷിച്ചിരുന്ന മുന്നൂറ് കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ഒഡീഷയിലെ സാംബല്‍പൂരില്‍ വിവിധയിടങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് പണം കണ്ടെടുത്തത്(More than 300 crores of cash seized during raid of allegedly tax evasion by two companies).
മദ്യകമ്പനികള്‍ നടത്തുന്ന നികുതി വെട്ടിപ്പിനെ കുറിച്ചുള്ള ആരോപണത്തെ തുടര്‍ന്നായിരുന്നു തെരച്ചില്‍. പശ്ചിമ ഒഡീഷയിലെ ഏറ്റവും വലിയ മദ്യനിര്‍മാതാക്കളായ ബല്‍ദേവ് സാഹു ആന്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ബാലന്‍ഗീര്‍ ഓഫീസില്‍ നടത്തിയ തെരച്ചിലിലാണ് 150കോടിയിലേറെ രൂപ പിടികൂടിയത്. സബല്‍പൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നും 150 കോടിയിലേറെ രൂപയും പിടികൂടി(income tax evasion by several liquor companies).
ബല്‍ദേവ് സാഹു ആന്‍ഡ് കമ്പനീസിന്‍റെ പങ്കാളിത്ത കമ്പനിയായ ബൗധ് ഡിസ്റ്റലറിയാണ് ഐടി അധികൃതര്‍ ആദ്യം പരിശോധന നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുന്ദേര്‍ ഗഡിലെ മദ്യവ്യാപാരിയായ രാജ് കിഷോര്‍ ജയ്‌സ്വാളിന്‍റെ വസതിയിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. കമ്പനിയുടെ ബൗധ് രാംഭിക്തയിലുള്ള ഫാക്ടറിയിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ബൗധ്പരൂണ കട്ടക്കിലെ അശോക് കുമാര്‍ അഗര്‍വാളിന്‍റെ അരിമില്ലിലും വസതിയിലും മറ്റിടങ്ങളിലും ആദായനികുതി സംഘം പരിശോധന നടത്തി.
ബാലാന്‍ഗിറിലും തിതില ഗഡിലുമുള്ള കൂടുതല്‍ മദ്യവ്യാപാരികള്‍ ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. മദ്യവ്യാപാരികളായ സഞ്ജയ് സാഹുവിന്‍റെയും ദീപക് സാഹുവിന്‍റെയും വസതികളില്‍ മുപ്പതംഗ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
കല്‍ക്കത്തയിലും നിരീക്ഷണത്തിലുള്ള ചില കമ്പനി മേധാവികളുടെ വസതികളില്‍ റെയ്ഡ് നടത്തിയെന്നാണ് സൂചന. പരിശോധനകളെക്കുറിച്ചോ കമ്പനി അധികൃതരോ ആദായനികുതി വകുപ്പോ പ്രതികരിച്ചിട്ടില്ല.