ന്യൂഡല്‍ഹി: 1921ലെ മലബാര്‍ കലാപം ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആസൂത്രിത വംശഹത്യയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാനവരാശിയെ ജിഹാദി ചിന്തകളില്‍ നിന്ന് സംരക്ഷിക്കുന്നതിനെ കുറിച്ച് സമൂഹം ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട സമയമാണിതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
മലബാര്‍ കലാപത്തെക്കുറിച്ച് ആർഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. 'മലബാർ വംശഹത്യ ആവർത്തിക്കാതിരിക്കാനായി ജിഹാദി ചിന്തകളിൽ നിന്ന് മുഴുവൻ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്നത് നമ്മൾ ചിന്തിക്കേണ്ടതുണ്ട്.
ഇതിനായി എല്ലാ ഇന്ത്യക്കാരും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് വരണം,' യോഗി പറഞ്ഞു. നിരവധി ചരിത്രകാരന്മാർ ഇടതുപക്ഷത്ത് നിന്ന് ചരിത്രം എഴുതിയപ്പോള്‍ ഈ വംശഹത്യയെ ശ്രദ്ധയിൽപ്പെടുത്തിയത് വീർ സവർക്കറാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷുകാർക്കും അവർ സംരക്ഷിക്കുന്ന ഹിന്ദു ഭൂവുടമകൾക്കുമെതിരായ കർഷക പ്രക്ഷോഭമായാണ് ഇടതുപക്ഷം ഇതിനെ വിശേഷിപ്പിച്ചത്. കേരളത്തിലെ ഹിന്ദു ഭൂവുടമകൾ മുസ്‌ലിങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് ചിലർ പറയുന്നു. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് നിരവധി സാധാരണ ഹിന്ദുക്കൾ കൊല്ലപ്പെട്ടത്?
യഥാർത്ഥത്തിൽ ഹിന്ദുക്കള്‍ മതപരിവർത്തനം നടത്താൻ വിസമ്മതിച്ചത് കൊണ്ടാണ് വംശഹത്യ നടത്തിയതെന്നും യോഗി ആരോപിച്ചു. ചരിത്രം ശരിയായ വീക്ഷണകോണിൽ നിന്ന് മനസിലാക്കേണ്ടത് പ്രധാനമാണെന്നും ചരിത്രം അറിയാത്ത ഒരു രാജ്യത്തിന് അതിന്‍റെ അതിര്‍ത്തികള്‍ സംരക്ഷിക്കാൻ കഴിയില്ലെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
Also read: കേന്ദ്രം പേര് വെട്ടിയാല്‍ ചരിത്രത്തില്‍ നിന്ന് ഇല്ലാതാകുന്നതല്ല മലബാര്‍ കലാപം : എ. വിജയരാഘവന്‍