ഭോപ്പാൽ: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് 5,000 രൂപ പ്രതിമാസ പെൻഷനുമായി മധ്യപ്രദേശ് സർക്കാർ. തുക അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് ഇന്നലെ മുതൽ ആരംഭിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഏഴ് വർഷം പൂർത്തിയാക്കിയ ഇന്നലെ അദ്ദേഹം ഓഫീസിൽ വച്ചാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം റേഷൻ കിറ്റുകളും മാസ്‌കുകളും മുഖ്യമന്ത്രി വിതരണം ചെയ്‌തു. ഇത്തരം കുട്ടികളുടെ ഭക്ഷണ, വിദ്യാഭ്യാസ ആവശ്യങ്ങളും സംസ്ഥാന സർക്കാർ ശ്രദ്ധിക്കും. മെയ് 13ന് മുഖ്യമന്ത്രി മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും റേഷനും കൂടാതെ പ്രതിമാസം 5,000 രൂപ പെൻഷനും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പദ്ധതി ആരംഭിച്ചതിന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു. കുട്ടികൾക്ക് 18 വയസ് ആകുമ്പോൾ പ്രതിമാസ സ്‌റ്റൈപ്പന്‍റും 23 വയസ് ആകുമ്പോൾ 10 ലക്ഷം രൂപയും പിഎം കെയേഴ്‌സിൽ നിന്ന് ലഭിക്കും. കൊവിഡ് വ്യാപനം തുടരുകയാണെന്നും മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ