മുംബൈ : മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ ലാവുൾ ഗ്രാമത്തിലുള്ളവര്‍ കഴിഞ്ഞ കുറച്ച് നാളുകളായി ജാഗ്രതയിലാണ് കഴിയുന്നത്. കണ്ണ് തെറ്റിയാല്‍ ഓമനിച്ച് വളര്‍ത്തുന്ന നായ്‌ക്കുട്ടിയെ പിന്നീട് ജീവനോടെ കണ്ടില്ലെന്ന് വരാം. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഗ്രാമത്തിലെ 250ലേറെ നായ്ക്കുട്ടികളാണ് കൊന്നൊടുക്കപ്പെട്ടത്. മനുഷ്യരല്ല മറിച്ച് മൂന്ന് കുരങ്ങുകളാണ് ഇത്രയധികം നായ്‌ക്കുട്ടികളെ വകവരുത്തിയതിന് പിന്നില്‍.
രണ്ടര മാസം മുമ്പ് ഗ്രാമത്തിൽ ഒരു കുരങ്ങൻ കുഞ്ഞിനെ ഒരു നായ കൊന്നിരുന്നു. ഇതിന് ശേഷമാണ് കുരങ്ങന്മാരുടെ 'പ്രതികാരം' ആരംഭിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ഒന്നര മാസമായി മൂന്ന് കുരങ്ങുകൾ ഗ്രാമത്തില്‍ തങ്ങുന്നുണ്ട്. ഇവ നായ്ക്കുട്ടികളെ എടുത്ത് കൊണ്ടുപോയി ഉയരമുള്ള മരങ്ങളില്‍ നിന്നോ വീടുകളുടെ മുകളില്‍ നിന്നോ തള്ളിയിടുകയും നായ്‌ക്കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് ചാവുകയുമാണ് ചെയ്യുന്നത്.
Also read: കുട്ടി പറഞ്ഞു, സര്‍ ശൗചാലയം വൃത്തിയില്ല, ചൂലുമായി മുന്നിട്ടിറങ്ങി മന്ത്രി
രണ്ടാഴ്‌ച മുമ്പ് സീതാറാം നൈബാല്‍ എന്നയാളുടെ നായ്ക്കുട്ടിയെ കുരങ്ങുകൾ കൊണ്ടുപോയതായി പ്രദേശവാസികള്‍ പറഞ്ഞു. സീതാറാം ടെറസില്‍ വച്ച് നായ്ക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങുകൾ പാഞ്ഞടുത്തു. ഓടുന്നതിനിടയിൽ ടെറസിൽ നിന്ന് വീണ് സീതാറാമിന്‍റെ കാലൊടിഞ്ഞു.
നിരവധി പേരാണ് ഇത്തരത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. പഞ്ചായത്ത് അധികൃതര്‍ ധാരൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും കുരങ്ങുകളെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടു.
എന്നാല്‍ നായകളുടെ രോമത്തിലുള്ള ചെറിയ പ്രാണികളെ ഭക്ഷിക്കുന്നതിനാണ് കുരങ്ങുകൾ അവയെ കൈയ്യില്‍ എടുത്ത് മരത്തിലേക്കോ ടെറസിലേക്കോ പോകുന്നതെന്നാണ് മൃഗസ്നേഹിയായ സിദ്ധാർത്ഥ് സോനവാന്‍ പറയുന്നത്. പിന്നീട് കുരങ്ങുകള്‍ നായ്‌ക്കുട്ടികളെ ഉയർന്ന സ്ഥലങ്ങളിൽ നിന്ന് വിടുവിക്കുകയും തൽഫലമായി താഴെ വീണ് നായ്ക്കുട്ടികള്‍ ചാവുകയാണെന്നും സിദ്ധാർഥ് പറയുന്നു.