ഗുണ (മധ്യപ്രദേശ്): കുരങ്ങന്മാർ ആക്രമിക്കാൻ ഓടിച്ചതിനെ തുടർന്ന് വീടിന്‍റെ ഒന്നാം നിലയിൽ നിന്ന് വീണ് എഴുപതുകാരൻ മരിച്ചു. മധ്യപ്രദേശിലെ ഗുണയിൽ ഭജ്രംഗഢ് സ്വദേശി ബാബുലാൽ പ്രജാപതിയാണ് മരിച്ചത്. വീടിന്‍റെ ഒന്നാം നിലയിൽ നിൽക്കവെ കുരങ്ങൻ കൂട്ടം ബാബുലാലിനെ ആക്രമിക്കുകയായിരുന്നു.
തുടർന്ന്, കുരങ്ങന്മാരിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ അബദ്ധത്തിൽ ഒന്നാം നിലയിൽ നിന്ന് തെന്നിവീഴുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. 15 അടി ഉയരത്തിൽ നിന്നാണ് അദ്ദേഹം വീണതെന്ന് ബാബുലാലിന്‍റെ മകൻ ലളിത് പറഞ്ഞു. ഉടൻ തന്നെ ബാബുലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
സമാനമായ സംഭവം ഉത്തർപ്രദേശിലും: ഉത്തർപ്രദേശിലെ മഥുരയിൽ വീടിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് 54കാരൻ മരിച്ചു. ബംഗാളി ഘട്ടിൽ താമസിക്കുന്ന ശിവ് ലാൽ ചതുർവേദിയാണ് മരിച്ചത്. വീടിന്‍റെ മൂന്നാം നിലയിൽ നിൽക്കുമ്പോൾ ഒരു കൂട്ടം കുരങ്ങുകളെത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
തുടർന്ന്, ശിവ് ലാൽ വീടിന് മുകളിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Also read: കുരങ്ങൻമാർ ഓടിച്ചു, ഒൻപത് വയസുകാരൻ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു