ശിവമൊഗ്ഗ (കർണാടക): കൊവിഡ് വ്യാപനത്തോടൊപ്പം കർണാടകയിൽ കുരങ്ങുപനിയും. കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലെ 57കാരിയിലാണ് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (KFD) എന്നറിയപ്പെടുന്ന കുരങ്ങുപനി സ്ഥിരീകരിച്ചത്. ഈ വർഷത്തെ ആദ്യത്തെ കെഎഫ്‌ഡി കേസാണ് തീർത്ഥഹള്ളി താലൂക്കിലെ കൂടിഗെ ഗ്രാമത്തിൽ സ്ഥിരീകരിച്ചതെന്നും അധികൃതർ അറിയിച്ചു.
പനി ബാധിച്ചാണ് ഈ സ്ത്രീ തീർത്ഥഹള്ളിയിലെ ജെ.സി ആശുപത്രിയിലേക്കെത്തിയത്. കുരങ്ങുപനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ഡോക്ടർമാർ ഇവരെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ALSO READ:viral video: സോഷ്യൽ മീഡിയയിൽ തരംഗമായി 40 വർഷം പഴക്കമുള്ള കുടിലിന്‍റെ സ്ഥലംമാറ്റം
ദക്ഷിണേഷ്യയിൽ വ്യാപകമായി കണ്ടുവരുന്ന ഒരുതരം ചെള്ള് പരത്തുന്ന പകർച്ച പനിയാണ് കെഎഫ്‌ഡി എന്ന കുരങ്ങുപനി. കുരങ്ങുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തരം ചെള്ളുകളുടെ കടിയേൽക്കുന്നതിലൂടെ മൃഗങ്ങളിലേക്കും അവയിൽ നിന്നും മനുഷ്യനിലേക്കും അണുബാധ പടരുന്നു. കടുത്ത പനിയും ശരീരവേദനയുമായി ആരംഭിക്കുന്ന കെഎഫ്‌ഡി ഡെങ്കിപ്പനിക്ക് സമാനമായി രക്തസ്രാവത്തിനും കാരണമാകുന്നു.
5 ശതമാനം മുതൽ 10 ശതമാനം വരെയാണ് മരണനിരക്ക്. രണ്ട് വർഷം മുമ്പ് ഇതേ രോഗം ബാധിച്ച് സാഗർ താലൂക്കിലെ ആറലഗോഡു ഗ്രാമത്തിൽ 26 പേർ മരണപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ആരോഗ്യവകുപ്പ് നിരന്തരം കെഎഫ്‌ഡി വാക്‌സിൻ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് വർഷമായി ഈ രോഗം കണ്ടെത്തിയിരുന്നില്ല.