റൂർക്കേല (ഒഡിഷ): 100 കിലോമീറ്റര്‍ അകലെ താമസിക്കുന്ന സഹോദരിക്കായി യുവാവ് അയച്ച മണി ഓര്‍ഡര്‍ സഹോദരിയുടെ കൈകളിലെത്താന്‍ എടുത്തത് നീണ്ട 4 വര്‍ഷം. ലോകത്തിന്‍റെ ഏത് കോണില്‍ ഇരുന്നും ഒറ്റ ക്ലിക്കില്‍ പണം അയക്കാന്‍ സാധിക്കുന്ന കാലത്താണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വരുന്നത്. പ്രമോദ് പ്രധാന്‍ എന്ന യുവാവ് തന്‍റെ സഹോദരി സുമിത്ര ബിസ്വാളിന് 2018ലെ സാവിത്രി വ്രത സമയത്താണ് 500 രൂപ മണി ഓര്‍ഡര്‍ അയച്ചത്.
എന്നാല്‍ റൂർക്കേലയില്‍ നിന്നും കേവലം 100 കിലോമീറ്റര്‍ അകലെയുള്ള സുന്ദർഗഡ് ജില്ലയിലെ ടെൻസയില്‍ താമസിക്കുന്ന സുമിത്രയുടെ കൈകളില്‍ മണി ഓര്‍ഡര്‍ എത്തിയത് 2022 നവംബര്‍ 26നാണ്. പണം നാല് വര്‍ഷം മുമ്പ് തന്നെ സഹോദരിയുടെ കൈകളില്‍ എത്തി എന്നായിരുന്നു പ്രമോദ് കരുതിയത്. സുമിത്രയാകട്ടെ സഹോദരന്‍ സാമ്പത്തിക പ്രതിസന്ധിയിലായതു കൊണ്ടാകും തനിക്ക് പണം അയക്കാതിരുന്നത് എന്നും കരുതി.
പിന്നീട് ഇരുവരും വിഷയം മറന്നു. നാലു വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രമോദിന്‍റെ മണി ഓര്‍ഡര്‍ എത്തിയപ്പോഴാണ് തന്‍റെ സഹോദരന്‍ അന്ന് പണം അയച്ചിരുന്നു എന്ന കാര്യം സുമിത്ര തിരിച്ചറിഞ്ഞത്. സംഭവം വൈകാതെ തന്നെ നഗരത്തില്‍ ചര്‍ച്ച ആകുകയായിരുന്നു. രാജ്യത്തെ പോസ്റ്റ് ഓഫിസുകള്‍ ഡിജിറ്റലൈസ് ആയ സാഹചര്യത്തിലും ഇത്തരമൊരു സംഭവം നടന്നത് പോസ്റ്റല്‍ വകുപ്പിന്‍റെ ഭാഗത്തു നിന്നുള്ള വീഴ്‌ചയാണെന്നാണ് ആരോപണം. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി റൂർക്കേല പോസ്റ്റൽ എസ്‌പി സർബേശ്വർ ചൗധരി ഇടിവി ഭാരതിനോട് പറഞ്ഞു.