ഭുവനേശ്വർ: ഒഡിഷയിലെ ജഹൽ ജില്ലയിലെ മൊണാലിഷ ബാദ്ര ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. കുതിര സവാരി മുതൽ ബൈക്ക് റൈഡിങ് വരെ അറിയാവുന്ന ഈ വീട്ടമ്മയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ബുള്ളറ്റ്, മോട്ടോർ ബൈക്കുകൾ, ട്രക്കുകൾ, ട്രാക്‌ടറുകൾ, ബസുകൾ അങ്ങനെ ഏത് വാഹനവും ഓടിക്കാൻ മൊണാലിഷ റെഡിയാണ്.
യുട്യൂബിലെത്തിയ കഥ
ആധുനിക ജീവിതരീതികളിലും ജീവിത സാഹചര്യങ്ങളിലും മൊണാലിഷ തന്‍റെ സംസ്‌കാരവും പാരമ്പര്യവും മറന്നിട്ടില്ല. സാധാരണ സ്ത്രീകളെ പോലെ തലമറച്ച് സാരി ധരിക്കുമ്പോഴും തന്‍റെ കഴിവുകൾ കൊണ്ട് മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയാണ് മൊണാലിഷ. കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനിടെ മൊണാലിഷയുടെ ഭർത്താവ് വീഡിയോ എടുക്കുകയും അത് യുട്യൂബിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. ഈ വീഡിയോ വൈറലായി. ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ യുട്യൂബിൽ കണ്ടത്. പിന്നീട് വ്യത്യസ്‌തമായി വീഡിയോകൾ ചെയ്യാനുള്ള ആഗ്രഹമാണ് ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന യുട്യൂബറാക്കി മൊണാലിഷയെ മാറ്റിയത്.
ഇനി ഹെലിക്കോപ്‌റ്റർ
20 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ വീട്ടമ്മയുടെ യുട്യൂബ് ചാനലിലുള്ളത്. 76 ലക്ഷത്തിലധികം പേർ ഇവരുടെ വീഡിയോ കാണുന്നു. ഹെലികോപ്‌റ്റർ പറത്തണമെന്നതാണ് ഈ വീട്ടമ്മയുടെ സ്വപ്‌നം. ഭർത്താവും കുടുംബാംഗങ്ങളും ഇവരുടെ സ്വപ്‌നങ്ങൾക്ക് ഒപ്പം നിൽക്കുന്നു. സാരി ഉടുത്ത് കുതിര സവാരി നടത്തുകയും മോട്ടോർ ബൈക്ക് മുതൽ വലിയ വാഹനങ്ങൾ വരെ ഓടിക്കുകയും ചെയ്യുന്ന ഈ വീട്ടമ്മയുടെ ജീവിതം ഗ്രാമത്തിലുള്ള മറ്റ് സ്‌ത്രീകൾക്കും പ്രചോദനമാകുന്നതാണ്.
ALSO READ: അനാര്‍ കൃഷിയില്‍ സഹോദരങ്ങളുടെ വിജയഗാഥ