ഹൈദരാബാദ് : ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (Hyderabad Cricket Association) തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ അയോഗ്യനാക്കി (Mohammed Azharuddin Disqualified From Contesting HCA Elections). എച്ച്‌സിഎ (HCA) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സുപ്രീം കോടതി നിയോഗിച്ച ഏകാംഗ സമിതിയായ ജസ്റ്റിസ് ലൗ നാഗേശ്വര റാവു (Justice Lau Nageswara Rao) അസ്ഹറുദ്ദീനെ അയോഗ്യനാക്കിയത്. എച്ച്‌സിഎ വോട്ടർ പട്ടികയിൽ നിന്നുതന്നെ അസ്ഹറുദ്ദീന്‍റെ പേര് ഒഴിവാക്കാനാണ് സമിതിയുടെ തീരുമാനം.
നേരത്തെ എച്ച്‌സിഎ പ്രസിഡന്‍റായിരിക്കെ അസ്ഹറുദ്ദീൻ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എച്ച്‌സിഎ അധ്യക്ഷ സ്ഥാനത്തിരിക്കെ തന്നെ അദ്ദേഹം ഡെക്കാൻ ബ്ലൂസ് ക്രിക്കറ്റ് ക്ലബിന്‍റെ (Deccan Blues Cricket Club) പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അയോഗ്യത കൽപ്പിച്ച നടപടിയുണ്ടാകുന്നത്.
2019 സെപ്റ്റംബറിലാണ് എച്ച്‌സിഎയിലേക്കുള്ള അവസാന തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മുഹമ്മദ് അസ്ഹറുദ്ദീനും അദ്ദേഹത്തിന്‍റെ പാനലുമാണ് വിജയിച്ചത്. ഈ ഭരണസമിതിയുടെ കാലാവധി 2020 സെപ്റ്റംബറിൽ അവസാനിച്ചു. അതിനുശേഷമുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 20 ന് നടക്കാനിരിക്കെയാണ് സുപ്രീം കോടതി നിയോഗിച്ച സമിതി അസ്ഹറുദ്ദീനെ അയോഗ്യനാക്കിയത്.
അസ്ഹറുദ്ദീൻ പ്രസിഡന്‍റായിരിക്കെ മറ്റ് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് നിരവധി കേസുകൾ സുപ്രീം കോടതിയിൽ രജിസ്റ്റർ ചെയ്‌തിരുന്നു. തുടർന്ന് ആശയക്കുഴപ്പം നീക്കാൻ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന തീരുമാനത്തിലാണ് സുപ്രീം കോടതി എത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 22 ന് എച്ച്സിഎയുടെ മേൽനോട്ടം വഹിക്കാൻ ജസ്റ്റിസ് കക്രുവിന്‍റെ നേതൃത്വത്തിൽ സുപ്രീം കോടതി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായതോടെ സുപ്രീം കോടതി കമ്മിറ്റി പിരിച്ചുവിട്ടു. തുടർന്നാണ് എച്ച്‌സിഎയുടെ ദൈനംദിന പ്രവർത്തനങ്ങളുടെയും തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന്‍റെയും ചുമതല മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് ലൗ നാഗേശ്വര റാവുവിന് നൽകിയത്.
കഴിഞ്ഞ മാസം 30നാണ് എച്ച്‌സിഎ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്. എച്ച്‌സിഎയുടെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, അസിസ്റ്റന്‍റ് സെക്രട്ടറി, ട്രഷറർ എന്നീ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 11 മുതൽ 13 വരെ നാമനിർദേശ പത്രികകൾ സ്വീകരിക്കും. ഇവയുടെ സൂക്ഷ്‌മപരിശോധന 14ന് നടക്കും. ഒക്‌ടോബർ 16 വരെ നാമനിർദേശ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. 20ന് വോട്ടെടുപ്പ് നടത്തി അന്നേദിവസം വൈകീട്ട് തന്നെ ഫലപ്രഖ്യാപനവും നടത്തും.