ജയ്‌പൂര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തിന്‍റെ ദീപശിഖാവാഹകനാണെന്ന അവകാശവാദവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താര്‍ അബ്ബാസ് നഖ്‌വി. എല്ലാവരെയും ഉൾക്കൊണ്ട് രാഷ്ട്രത്തിന്‍റെ ശാക്തീകരണമാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും നഖ്‌വി വാദിക്കുന്നു. രാജ്യത്തെ ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ 810-ാമത് ഉറൂസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അജ്മീർ ഷെരീഫ് ദർഗയിൽ പ്രധാനമന്ത്രിക്കായി പ്രത്യേക പ്രാര്‍ഥന (ചാദര്‍) നടത്തിയ അദ്ദേഹം പ്രധാനമന്ത്രിയുടെ ആശംസാ സന്ദേശവും വായിച്ചു. ലോകമെമ്പാടും മാനവികതയുടെ സന്ദേശം നൽകിയ മഹാനായ സൂഫി സന്യാസിക്ക് പ്രണാമം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Also Read: പുത്തന്‍ ഉത്തരവിന് ശേഷവും പുകഞ്ഞ് ഹിജാബ് - കാവിഷാള്‍ വിവാദം ; എല്ലാ കണ്ണുകളും ഹൈക്കോടതിയിലേക്ക്
ഗരീബ് നവാസിന്റെ തത്വചിന്തകള്‍ വരും തലമുറകൾക്ക് പ്രചോദനമായിക്കൊണ്ടേയിരിക്കും. സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഉറൂസ് ഭക്തരുടെ വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
ലോകം മുഴുവൻ മോദിയെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് നോക്കി കാണുന്നത്. ‘സമാധാനത്തിന്റെ ദീപശിഖാവാഹകനായാണ്’ ലോകം മോദിയെ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ച് അവകാശപ്പെട്ടു.