ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനം ഇന്ന് സുപ്രധാന പ്രഖ്യാപനത്തിനാണ് സാക്ഷിയായത്. പ്രഗതി മൈതാനത്ത് രാജ്യാന്തര എക്‌സിബിഷൻ - കൺവെൻഷൻ സെന്‍റർ ഉദ്ഘാടനം ചെയ്‌തത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. രാജ്യാന്തര എക്‌സിബിഷൻ - കൺവെൻഷൻ സെന്‍ററിന് ഭാരത് മണ്ഡപം എന്ന് മോദി പുനർ നാമകരണവും ചെയ്‌തു. ഉദ്ഘാടന പ്രസംഗത്തിലാണ് മോദി സുപ്രധാന പ്രഖ്യാപനം നടത്തിയത്. മൂന്നാംതവണയും പ്രധാനമന്ത്രിയാകുമെന്നും തന്‍റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇത് താൻ ഉറപ്പു നല്‍കുന്നതായും നരേന്ദ്രമോദി ഇന്ന് പറഞ്ഞു.
ഒന്നാം ടേമില്‍ സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യ പത്തില്‍ ആയിരുന്നു. രണ്ടാം ടേമില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകും. ഇത് എന്‍റെ ഉറപ്പ്.. എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
ഇന്ത്യയെ അടുത്ത 25 വർഷത്തില്‍ വികസിത രാജ്യമാക്കുമെന്നും മോദി പ്രഖ്യാപിച്ചു. വരുന്ന മെയ് മാസത്തിലാണ് മോദി സർക്കാർ രണ്ട് ടേമിലായി 10 വർഷം പൂർത്തിയാക്കുന്നത്. ദാരിദ്ര്യം തുടച്ചുനീക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും നിതി ആയോഗ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതാണെന്നും മോദി പറഞ്ഞു. വിമാനത്താവളങ്ങൾ, റെയില്‍വേ ലൈനുകളുടെ വൈദ്യുതികരണം, സിറ്റി ഗ്യാസിന്‍റെ വിപുലീകരണം എന്നിവ രാജ്യം വികസനക്കുതിപ്പിലാണെന്നതിന്‍റെ സൂചനയാണെന്നും മോദി പറഞ്ഞു.
സെപ്‌റ്റബറില്‍ നടക്കുന്ന ജി20 സമ്മേളനത്തിന് വേദിയാകുന്ന സ്ഥലമാണ് ഭാരത് മണ്ഡപം എന്ന് പേരിട്ടിരിക്കുന്ന പുതിയ എക്‌സിബിഷൻ-കൺവെൻഷൻ സെന്‍റർ. പ്രഗതി മൈതാനിയില്‍ 123 ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വമ്പൻ കൺവെൻഷൻ സെന്‍റർ നിർമിച്ചിരിക്കുന്നത്.