ജയ്പൂർ: രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതിർത്തി കാക്കുന്ന സൈനികരെ തടുക്കാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ജയ്സാൽമീറിലെ ലോങ്‌വാല പാസിലെ സൈനികർക്കൊപ്പമുള്ള ദീപാവലി ആഘോഷത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. സൈനികർക്കൊപ്പം നിൽക്കുമ്പോൾ മാത്രമേ തന്‍റെ ദീപാവലി ആഘോഷം പൂർണമാകുകയുള്ളൂവെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തെ ഓരോ പൗരനും നിങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും മോദി സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
"നിങ്ങൾ ഓരോരുത്തർക്കും ദീപാവലി ആശംസകൾ നേരാനാണ് ഞാനെത്തിയത്. ഇന്ത്യയിലെ ഒരോ പൗരന്‍റെയും ആശംസകൾ നിങ്ങൾക്കൊപ്പമുണ്ട്. മഞ്ഞു നിറഞ്ഞ മലനിരകളിലോ മണലാരണ്യത്തിലോ ആകട്ടെ, ഞാൻ നിങ്ങളിൽ ഒരാളായി മാറുമ്പോഴേ എന്‍റെ ദീപാവലി ആഘോഷം പൂർണമാകുകയുള്ളൂ. നിങ്ങളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ എന്‍റെ സന്തോഷം ഇരട്ടിക്കുമെന്നും" മോദി സൈനികരോട് പറഞ്ഞു.
"സൈനികരുടെ മികവിനെക്കുറിച്ചുള്ള ചരിത്രം എഴുതുമ്പോഴെല്ലാം ലോങ്‌വാല യുദ്ധം ഓർമ്മിക്കപ്പെടും. 130 കോടി ജനങ്ങൾ നിങ്ങൾക്കൊപ്പം നിലകൊള്ളുന്നു. രാജ്യാതിർത്തികൾ കാക്കുന്നതിൽനിന്ന് ധീരരായ നമ്മുടെ സൈനികരെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്നും" മോദി കൂട്ടിച്ചേർത്തു.
രാജസ്ഥാൻ ജയ്സാൽമീറിലെ ലോങ്‌വാല പാസിലെ സൈനികർക്കൊപ്പമാണ് മോദി ഈ വർഷം ദീപാവലി ആഘോഷിച്ചത്. സംയുക്ത സേന മേധാവി ബിപിൻ റാവത്ത്, കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ എന്നിവരും മോദിക്കൊപ്പം ജയ്സാൽമീറിൽ എത്തിയിരുന്നു.