ബെംഗളൂരു : ചന്ദ്രയാൻ 3 (Chandrayaan 3) ദൗത്യത്തിന്‍റെ വിജയ ശിൽപികളെ (Chandrayaan 3 Scientists) കർണാടകയിലെ ഐഎസ്‌ആർഒ കേന്ദ്രത്തിലെത്തി നേരിൽ കണ്ട് അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). മറ്റാർക്കും എത്തിച്ചേരാനാകാത്തിടത്ത് നമ്മൾ എത്തി. ആർക്കും നേടാനാകാത്തത് നമ്മൾ നേടി. ഇതാണ് ഇന്നത്തെ ഇന്ത്യ. പുതിയ വഴികളിലൂടെയാണ് ഇന്നത്തെ ഇന്ത്യ സഞ്ചരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു (Modi Congratulates Chandrayaan 3 Scientists).
ഈ നൂറ്റാണ്ടിൽ രാജ്യത്തെ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതായും ഐഎസ്‌ആർഒ (ISRO) ശാസ്‌ത്രജ്‌ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങൾക്കിടയിൽ നിൽക്കുമ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. ഇത്തരം അനുഭവങ്ങൾ അപൂർവമാണ്. ദൗത്യത്തിന്‍റെ വിജയ മുഹൂർത്തത്തിൽ ദക്ഷിണാഫ്രിക്കയിലായിരുന്നെങ്കിലും മനസ് ശാസ്ത്രജ്ഞര്‍ക്കൊപ്പമായിരുന്നു - മോദി പറഞ്ഞു.
ഐഎസ്‌ആർഒ മേധാവി എസ് സോമനാഥാണ് (S Somanath) പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അദ്ദേഹത്തെ സല്യൂട്ട് ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്‌റ്റ് 23 ലെ ഓരോ നിമിഷവും ഞാൻ ഓർക്കുന്നു. ചന്ദ്രയാൻ ചന്ദ്രനെ തൊട്ട നിമിഷം രാജ്യം മുഴുവൻ ആഘോഷപൂരിതമായത് എനിക്ക് മറക്കാനാകില്ല. ഓരോ ഇന്ത്യക്കാരനും ഒരു വലിയ പരീക്ഷ വിജയിച്ച ആവേശമായിരുന്നു. ഇത് സാധ്യമാകാൻ കാരണം ഐഎസ്‌ആർഒ മേധാവിയാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്ന വേളയിൽ മോദി കൂട്ടിച്ചേർത്തു.
അതേസമയം, ചന്ദ്രയാൻ ദൗത്യം വിജയമായ ഓഗസ്‌റ്റ് 23 ദേശീയ ബഹിരാകാശദിനം (National Space Day) ആയി ആചരിക്കുമെന്ന് മോദി പറഞ്ഞു. വിക്രം ലാൻഡർ ചന്ദ്രനെ സ്‌പർശിച്ച ഇടം 'ശിവശക്തി പോയിന്‍റ്' (Shiv-Shakti point) എന്നും ചന്ദ്രയാൻ 2 തകർന്ന സ്ഥലം തിരംഗ പോയിന്‍റ് (Tiranga Point) എന്നും അറിയപ്പെടുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇത് ഇനിയുള്ള തലമുറകൾക്ക് പ്രചോദനമാകും. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനെ വിജയകരമായി സ്‌പർശിച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കൂടാതെ ഇന്ന് രാജ്യം ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായും ( fifth-largest economy) വളർന്നുകഴിഞ്ഞു. ഇതില്‍ ഐഎസ്‌ആർഒ നിർണായക പങ്ക് വഹിച്ചതായും മോദി വിശദീകരിച്ചു.
ഓഗസ്‌റ്റ് 23 ന് ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ വിജയവേളയിൽ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‌ബര്‍ഗില്‍ (Johannesburg) ബ്രിക്‌സ് ഉച്ചകോടിയില്‍ (BRICS summit) പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. ഓൺലൈൻ വഴിയാണ് അദ്ദേഹം വിക്രം ലാൻഡറിന്‍റെ സോഫ്‌റ്റ് ലാൻഡിങ് വീക്ഷിച്ചത്. ദൗത്യത്തിന്‍റെ വിജയശേഷം നിരവധി ലോകനേതാക്കൾ പ്രധാനമന്ത്രിയേയും ഐഎസ്‌ആർഒ ശാസ്‌ത്രജ്‌ഞരേയും നേരിലും സമൂഹ മാധ്യമങ്ങളിലൂടേയും അഭിനന്ദനം അറിയിച്ചിരുന്നു.