ന്യൂഡല്‍ഹി : ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ ഇരട്ട ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ആയുധങ്ങളുടെ ആധുനികവത്കരണവും (Modernization) തദ്ദേശീയവത്കരണവുമാണ് (Indigenization) സൈന്യത്തിന്‍റെ ലക്ഷ്യങ്ങള്‍. ഇന്ത്യയില്‍ തന്നെ ആയുധങ്ങള്‍ കൂടുതലായി നിര്‍മിക്കുകയും അതിലൂടെ ഇറക്കുമതി കുറയ്‌ക്കുകയുമാണ് തദ്ദേശീയവത്കരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഒരേസമയം ആധുനികവത്കരണവും തദ്ദേശീയവത്കരണവും ഉറപ്പുവരുത്തുന്നതിനായി നൂതന ആശയങ്ങളുമായി മുന്നോട്ട് പോവുകയാണ് കരസേന. പുതിയ ആയുധ സംവിധാനങ്ങള്‍ സേനയുടെ ഭാഗമാകുന്നതിന് മുമ്പ് വലിയ രീതിയിലുള്ള പരിശോധനകളും ട്രയലുകളും നടത്തേണ്ടതുണ്ട്.
ഇത് ഒരുപാട് സമയമെടുക്കുന്ന പ്രക്രിയയാണ്. അത് കുറയ്‌ക്കാനുള്ള നടപടികളാണ് ഇപ്പോള്‍ സൈന്യം സ്വീകരിച്ചിരിക്കുന്നത്. ഒരേ പ്രോട്ടോടൈപ്പിന്‍റെ ഒന്നിലധികം മോഡലുകളിൽ ഒരേ സമയം വിവിധ തരത്തിലുള്ള ട്രയലുകൾ നടത്തുകയാണ് സൈന്യം. ഇതിലൂടെ ആയുധങ്ങളുടെ പരിശോധനാസമയം ഗണ്യമായി കുറയ്ക്കുകയും വിന്യാസം വേഗത്തിലാക്കുകയും ചെയ്യുന്നു.
ആയുധങ്ങളുടെ ശൈത്യവത്‌കരണം : ആയുധങ്ങളുടെ 'ശൈത്യവത്‌കരണവും' (Winterization) സൈന്യം വേഗത്തിലാക്കുകയാണ്. കിഴക്കന്‍ ലഡാക്കില്‍ ചൈനയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണ് ശൈത്യവത്‌കരണം വേഗത്തിലാക്കുന്നത്. അതിശൈത്യത്തില്‍ ആയുധങ്ങളെ പ്രവര്‍ത്തിപ്പിക്കാന്‍ അവയില്‍ മാറ്റം വരുത്തുന്ന പ്രക്രിയയാണ് ശൈത്യവത്‌കരണം.
ബാറ്ററി, ഓയിൽ, ലൂബ്രിക്കന്‍റുകള്‍ മുതലായവ അതീവ താപനിലയിൽ മരവിപ്പിക്കാതിരിക്കാനുള്ള സാങ്കേതികവിദ്യയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കെ-9 വജ്രാസ് തോക്കുകള്‍ ഇത്തരത്തില്‍ ശൈത്യവത്‌കരണം നടത്തി ലഡാക്കില്‍ വിന്യസിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെ പാക് അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് കെ-9 വജ്രാസ് തോക്കുകള്‍ സേന സംഭരിച്ചത്. ഈ ഭാഗത്ത് ചൂട് കൂടുതലും ഈര്‍പ്പം കുറവുമാണ്. അതിനാല്‍ കെ-9 വജ്രാസിനെ അതിശൈത്യ മേഖലയായ ലഡാക്കില്‍ വിന്യസിക്കുമ്പോള്‍ ശൈത്യവത്കരണം നടത്തേണ്ടതുണ്ട്.
ഉത്പാദകരുടെ കണ്‍സോര്‍ഷ്യം : ഒരു ആയുധത്തിന്‍റെ വ്യത്യസ്‌ത ഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനാണ് സൈന്യത്തിന്‍റെ മറ്റൊരു തീരുമാനം. രാജ്യത്തെ ആയുധ നിര്‍മാണത്തില്‍ വിപ്ലവകരമായ മാറ്റമാണ് ഇത് സൃഷ്‌ടിക്കുകയെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ആയുധ ഉത്പാദനം, വികസനം, അവയെ സൈന്യത്തിന്‍റെ ഭാഗമാക്കല്‍ എന്നിവ വളരെ വേഗത്തിലാക്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിലൂടെ സാധ്യമാവും.
ആയുധങ്ങളുടെ തദ്ദേശീയവത്കരണം ഊര്‍ജിതമാക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഹോവിറ്റ്‌സർ ഒഴികെയുള്ള എല്ലാ ആയുധ സംവിധാനങ്ങളുടെയും ആധുനികവത്‌കരണം തദ്ദേശീയവത്‌കരണത്തിലൂടെയാണ് നടത്തുന്നതെന്നും സൈന്യം വ്യക്തമാക്കി.