ന്യൂഡൽഹി: രാജ്യത്ത് ഒറ്റ ഡോസ് കൊവിഡ് വാക്‌സിൻ അവതരിപ്പിക്കാൻ ഒരുങ്ങി മൊഡേണ. 2022ഓടെയായിരിക്കും വാക്‌സിൻ രാജ്യത്ത് എത്തുക. സിപ്ള അടക്കമുള്ള മരുന്ന് നിർമാണ കമ്പനിയുമായി ചർച്ചകളിലാണെന്നും മൊഡേണ കമ്പനി അധികൃതർ അറിയിച്ചു. അതേസമയം, ഫൈസർ ഈ വർഷം തന്നെ 5 കോടി വാക്‌സിൻ ഡോസുകൾ നൽകാൻ തയ്യാറാണെങ്കിലും നഷ്‌ടപരിഹാരം ഉൾപ്പെടെയുള്ള കാര്യമായ നിയന്ത്രണ ഇളവുകൾ ആവശ്യമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. 2021ൽ തന്നെ രാജ്യത്തിന് നൽകാൻ അധിക വാക്‌സിൻ ഇല്ല എന്ന് മൊഡേണ കമ്പനി നേരത്തെ അറിയിച്ചിരുന്നു. ജോൺസൺ അൻഡ് ജോൺസൺ വാക്‌സിൻ ഡോസുകൾ യുഎസിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഉടൻ കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകൾ പരിമിതമാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Also Read: സിബിഐ ഡയറക്‌ടറായി സുബോധ് കുമാർ ജയ്‌സ്വാളിനെ നിയമിച്ചു
ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്‌ച്ച നടന്ന ഉന്നതതല യോഗങ്ങളിൽ ആഗോള, ആഭ്യന്തര വിപണികളിൽ വാക്സിനുകളുടെ ലഭ്യതയെക്കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിൽ ഉണ്ടായ രോഗികളുടെയും മരണങ്ങളുടെയും അടിസ്ഥാനത്തിൽ അടിയന്തരമായി വാക്‌സിൻ ഡോസുകൾ വാങ്ങേണ്ടതുണ്ടെന്ന് അധികൃതർ ചർച്ചയിൽ അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യത്ത് ഇന്ത്യൻ നിർമിതമായ കൊവീഷീൽഡ്, കൊവാക്‌സിൻ എന്നീ രണ്ട് വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. ജനുവരി പകുതിയോടെ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതിനുശേഷം രാജ്യത്ത് ഇതുവരെ 20 കോടി വാക്‌സിൻ ഡോസുകളാണ് നൽകിയത്. രാജ്യത്ത് നിലവിൽ ഉപയോഗത്തിലുള്ള മറ്റൊരു കൊവിഡ് വാക്‌സിൻ റഷ്യൻ നിർമ്മിത സ്‌പുട്‌നിക്ക് വി ആണ്. അടുത്തിടെ അംഗീകാരം ലഭിച്ച സ്‌പുട്‌നിക്ക് വാക്‌സിനും ചെറിയ തോതിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഉന്നതതല യോഗത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, നിതി ആയോഗ് ഉദ്യോഗസ്ഥർ, ബയോടെക്നോളജി വകുപ്പിലെ ഉദ്യോഗസ്ഥർ, നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Also Read: കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി
2022ൽ മൊഡേണയിൽ നിന്ന് 5 കോടി വാക്‌സിൻ ഡോസുകൾ വാങ്ങുന്നതിൽ സിപ്ല ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റെഗുലേറ്ററി ആവശ്യകതകൾ/നയ വ്യവസ്ഥകൾ എന്നിവയിൽ അംഗീകാരം സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഫൈസർ കമ്പനി അഞ്ച് കോടി ഡോസ് വാക്‌സിൻ ലഭ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. നാല് മാസമെടുത്ത് ഘട്ടം ഘട്ടമായി വാക്‌സിൻ എത്തിക്കാൻ കഴിയുമെന്നാണ് കമ്പനി അറിയിച്ചത്. ജൂലൈയിൽ ഒരു കോടി, ഓഗസ്റ്റിൽ ഒരു കോടി, സെപ്‌റ്റംബറിൽ രണ്ട് കോടി, ഒക്‌ടോബറിൽ ഒരു കോടി എന്നിങ്ങനെയാണ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് എത്തിക്കുക. കൂടാതെ കേന്ദ്ര സർക്കാരുമായി നേരിട്ട് മാത്രമെ ഇടപാടുകൾ നടത്തുകയുള്ളു എന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര വിപണിയിൽ വാക്സിനുകൾ ശേഖരിക്കുന്നതിനുള്ള ഒരുക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
Also Read: ലക്ഷദ്വീപിന്‍റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം: എ.പി അബ്‌ദുള്ളക്കുട്ടി
എന്നിരുന്നാലും നിരവധി ഉപാധികൾ ഫൈസർ കമ്പനി മുന്നോട്ട് വെയ്ക്കുന്നുണ്ട്. നഷ്‌ടപരിഹാരം ഉൾപ്പെടെയുള്ള കാര്യമായ നിയന്ത്രണ ഇളവുകൾ ആവശ്യമാണെന്ന് കമ്പനി കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. നിലവിലെ രോഗവ്യാപനവും മറ്റും കണക്കിലെടുത്ത് സർക്കാർ കരാറിൽ ഒപ്പ് വെയ്ക്കാനാണ് സാധ്യതയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ഇതുവരെ 116 രാജ്യങ്ങൾ നഷ്‌ടപരിഹാര രേഖയിൽ ഒപ്പ് വെച്ചതായി ഫൈസർ കമ്പനിയും അവകാശപ്പെടുന്നുണ്ട്. വാക്‌സിൻ ഉപയോഗിക്കുന്നവരിൽ ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ ഇതുവരെ 14.7 കോടിയിലധികം ഡോസുകളാണ് നൽകിയിട്ടുള്ളത്. ഫൈസർ വാക്‌സിന്‍റെ കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്ന് ദേശീയ വിദഗ്‌ധ സംഘം അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഇടപെട്ട് വാക്‌സിനുകൾ വാങ്ങി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.