കൊൽക്കത്ത: ബ്രൈഡൽ മേക്കപ്പ് ഫോട്ടോഷൂട്ടുകളിൽ സ്ഥിര സാന്നിധ്യമായിരുന്ന മോഡലിനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൈഹാത്തി സ്വദേശി ബിദിഷ ഡേ മജുംദറിനെയാണ് (21) നഗർ ബസാറിലെ അപ്പാർട്ട്‌മെന്‍റിൽ ബുധനാഴ്‌ച വൈകുന്നേരം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തി.
തൊഴിലവസരങ്ങൾ ഇല്ലാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. കൈയക്ഷര വിദഗ്‌ധരെ കൊണ്ട് കുറിപ്പ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബിദിഷയുടെ മരണത്തിൽ മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്നവർ ദുഃഖം രേഖപ്പെടുത്തി.
പ്രമുഖ സീരിയൽ താരം പല്ലബി ഡേ ആത്മഹത്യ ചെയ്‌ത് ദിവസങ്ങൾക്കകമാണ് ബിദിഷയുടെ ആത്മഹത്യ. കൊൽക്കത്തയിലെ ഗർഫ പ്രദേശത്തെ വാടക ഫ്ലാറ്റിലാണ് പല്ലബിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പല്ലബിയുടെ പങ്കാളിയെ അറസ്റ്റ് ചെയ്‌തിരുന്നു.