ന്യൂഡല്‍ഹി: ടാങ്കുകളടക്കമുള്ള കവചിത വാഹനങ്ങള്‍ക്കെതിരായ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക നീക്കവുമായി പ്രതിരോധ മന്ത്രാലയം. കരസേനയ്ക്കായി 4,690 മിലാന്‍ 2ടി ടാങ്ക് വേധ മിസൈലുകള്‍ കൂടി വാങ്ങാന്‍ ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം കരാറിലൊപ്പിട്ടു. 1,188 കോടി രൂപയാണ് മിസൈലുകള്‍ക്കായി മന്ത്രാലയം ചെലവഴിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്ന മേക്ക് ഇന്‍ ഇന്ത്യ ആശയത്തിന് ഊര്‍ജം പകരുന്ന കരാര്‍ കൂടിയാണ് സര്‍ക്കാര്‍ ഒപ്പിട്ടത്.
നിലത്ത് സജ്ജീകരിച്ച പ്ലാറ്റ്ഫോമുകളില്‍ നിന്നോ വാഹനങ്ങളില്‍ നിന്നോ വിക്ഷേപിക്കാന്‍ കഴിയുന്ന വിധത്തിലാണ് മിലാന്‍ മിസൈലുകളുടെ രൂപകല്‍പ്പന. ഒരേ സമയം ആക്രമണ-പ്രതിരോധ ദൗത്യങ്ങള്‍ക്ക് ഉപയുക്തമാകുന്ന മിലാന്‍ , തുറന്ന യുദ്ധങ്ങളില്‍ കരസേനയ്ക്ക് കരുത്താകുമെന്നാണ് കരുതുന്നത്. ഫ്രാന്‍സിലെ പ്രമുഖ പ്രതിരോധ സ്ഥാപനമാണ് മിലാന്‍ വികസിപ്പിച്ചെടുത്തത്. സ്ഥാപനത്തിന്‍റെ ലൈസന്‍സോടെയാണ് ബിഡിഎല്‍ മിസൈലുകള്‍ നിര്‍മിക്കുന്നത്.