ഔറംഗബാദ് (മഹാരാഷ്‌ട്ര) : ഔറംഗബാദിലെ വാലാജ് മേഖലയിൽ 35 ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ടവറും അനുബന്ധ ഉപകരണങ്ങളും മോഷണം പോയി. 2018ൽ പ്രവർത്തനം നിർത്തിയ ജിടിഎൽ ഇൻഫ്രാസ്ട്രക്‌ചർ എന്ന കമ്പനി സ്ഥാപിച്ച മൊബൈൽ ടവറാണ് മോഷണം പോയത്. വർഷങ്ങൾക്ക് ശേഷം കമ്പനി പ്രതിനിധി സ്ഥലം പരിശോധിക്കാനെത്തിയപ്പോഴാണ് ടവർ ഇല്ലെന്ന വിവരം അറിഞ്ഞത്.
സംഭവത്തിൽ വാലാജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. രാജ്യത്തുടനീളം മൊബൈൽ ടവറുകളുടെ നിർമാണവും പരിപാലനവും നടത്തുന്ന കമ്പനിയാണ് ജിടിഎൽ ഇൻഫ്രാസ്ട്രക്‌ചർ. 2009ൽ വാലാജ് എംഐഡിസിയിലെ പ്ലോട്ട് നമ്പർ 197ൽ ടവർ നിർമിക്കാൻ സൈറ്റിന്‍റെ ഉടമ ജസ്റ്റിസ് അരവിന്ദ് ബൽവന്ത്രാവുമായി കമ്പനി കരാറിൽ ഏർപ്പെട്ടിരുന്നു. ഇതനുസരിച്ച് 2019 ജൂലൈ വരെ പ്രതിമാസം 9,500 രൂപയ്ക്ക് ടവറിനുള്ള സ്ഥലം കമ്പനി പാട്ടത്തിനെടുത്തു.
തുടർന്ന് ഈ സ്ഥലത്ത് പുതിയ മൊബൈൽ ടവർ സ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചു. ഇതിനിടെ 2018ൽ കമ്പനി മൊബൈൽ ടവറിന്‍റെ പ്രവർത്തനം അവസാനിപ്പിച്ചു. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാൽ ടവറിന്‍റെ കാര്യം പിന്നീട് കമ്പനി ശ്രദ്ധിച്ചില്ല. എന്നാല്‍ പുതുതായി നിയമിക്കപ്പെട്ട അമർ ലഹോട്ട് എന്ന ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് ടവർ നഷ്‌ടപ്പെട്ടത് മനസിലായത്.
ടവറിന് പുറമെ ഷെൽട്ടർ ക്യാബിൻ, എസി, ബാറ്ററി, ഡീസൽ ജനറേറ്റർ എന്നിവയും മോഷ്‌ടാക്കൾ അപഹരിച്ചു. 34,50,676 രൂപയുടെ സാമഗ്രികൾ മോഷണം പോയതായി കമ്പനി പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി സ്വീകരിക്കാൻ പൊലീസ് വിസമ്മതിച്ചു. പിന്നാലെ കമ്പനി പ്രതിനിധി കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവനുസരിച്ച് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.