കൂനൂര്‍ : സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന്‍റെ ദൃക്‌സാക്ഷികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലുകള്‍ ഉടമസ്ഥരില്‍ നിന്ന് ശേഖരിച്ച് അന്വേഷണസംഘം വിദഗ്‌ധ പരിശോധനയ്‌ക്ക് അയയ്ക്കുകയായിരുന്നു. ജനറല്‍ ബിപില്‍ റാവത്തും ഭാര്യയും അടക്കം 14 പേരാണ് അപകടത്തില്‍ മരിച്ചത്.
വിവാഹ ഫോട്ടോഗ്രാഫറായ ജോ, സുഹൃത്ത് നിസാര്‍ എന്നിവര്‍ പകര്‍ത്തിയ വീഡിയോകളും ഫോട്ടോകളുമാണ് പരിശോധനയ്ക്കായി ഏറ്റെടുത്തത്. നീലഗിരി ജില്ലയില്‍ കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു സംഘം. ഹെലികോപ്റ്റര്‍ കണ്ടതിന്‍റെ അതിശയത്തിലാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഇവരുടെ മൊഴി. ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലേക്ക് നീങ്ങുന്ന വീഡിയോയാണ് ഇവരുടെ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Also Read: പ്രദീപിന് യാത്രാമൊഴി ; കണ്ണീരോടെ വിട നൽകി ജന്മനാട്
നിരോധിത മേഖലയില്‍ ഇവര്‍ എന്തിന് പോയെന്നും എന്തുകൊണ്ട് ഫോട്ടോ പകര്‍ത്തിയെന്നും സംഘം അന്വേഷിക്കുന്നുണ്ട്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി മറ്റ് ദൃക്‌സാക്ഷികളെ പൊലീസ് ചോദ്യം ചെയ്യുന്നുമുണ്ട്. അതിനിടെ പ്രദേശത്തെ കാലാവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രസ്‌തുത വകുപ്പിനോടും അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇന്ത്യന്‍ വായുസേനയുടെ മി 17 വി എച്ച് ഹെലികോപ്റ്ററാണ് തകര്‍ന്നത്.