ന്യൂഡല്‍ഹി: ഉയര്‍ന്ന പലിശയ്‌ക്ക് ലോണ്‍ നല്‍കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌ത 22 അംഗ സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ലോണ്‍ ആപ്പ് വഴി ചൈനീസ് പൗരന്മാരുടെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം. ഹവാല ക്രിപ്റ്റോ കറന്‍സികളാക്കിയാണ് സംഘം പണം രാജ്യത്ത് നിന്നും കടത്തുന്നത്. രണ്ട് മാസത്തോളമായി തുടരുന്ന അന്വേഷണത്തിന് ഒടുവിലാണ് സംഘം പൊലീസിന്‍റെ പിടിയിലായത്.
മൊബൈല്‍ ആപ്പ് വഴിയാണ് സംഘം പണം നല്‍കുന്നത്. ഉയര്‍ന്ന പലിശയ്‌ക്ക് നല്‍കുന്ന പണം പലിശ സഹിതം തിരിച്ച് നല്‍കിയാലും വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്‍റെ രീതി. ഫോണിലെ ഫോട്ടോകള്‍ ചോര്‍ത്തുന്ന സംഘം നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചതായി പൊലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചത്. ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (IFSO) ആണ് കേസ് അന്വേഷിച്ചത്.
ആപ്പിലാക്കാന്‍ നൂറോളം ആപ്പുകള്‍: 100 ഓളം ആപ്ലിക്കേഷനുകളാണ് ഇവര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത് എന്നാണ് വിവരം. ആപ്പ് ഉപയോഗിക്കുന്നവരില്‍ നിന്നും എല്ലാ തരത്തിലുള്ള പെര്‍മിഷനുകളും ഇവര്‍ സ്വന്തമാക്കിയ ശേഷമാണ് തട്ടിപ്പ്. ഇത്തരത്തില്‍ ലഭിക്കുന്ന പെര്‍മിഷനിലൂടെ വ്യക്തികളുടെ ഫോണിലെ കോണ്ടാക്‌റ്റ്, ചാറ്റ്, ഫോട്ടോകള്‍ തുടങ്ങിയവ ചോര്‍ത്തി ഹോങ്കോങ്ങിലെ സെര്‍വര്‍ വഴിയാണ് ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നയാള്‍ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ പണം ലഭിക്കുകയും ചെയ്യും.
പണം തിരികെ അടച്ചാലും വ്യാജ ഐഡികളിൽ നിന്ന് കോളുകള്‍ വരും. ഇത് പാകിസ്ഥാന്‍ നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മാറി മാറി ആയിരിക്കും. ആവശ്യപ്പെടുന്ന പണം വീണ്ടും നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതാണ് രീതിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഐഎഫ്‌എസ്‌ഒ) കെ.പി.എസ് മൽഹോത്ര പറഞ്ഞു.
നഷ്‌ടമായത് ലക്ഷങ്ങള്‍: ഭയവും അപകീർത്തിയും കാരണം, ഉപയോക്താക്കൾ പണം നൽകാറുണ്ടായിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ചൈനയിലേക്ക് എത്തിക്കും. 5,000 മുതൽ 10,000 രൂപ വരെ ചെറിയ വായ്‌പ എടുത്ത ചിലര്‍ക്ക് ലക്ഷങ്ങള്‍ നഷ്‌ടമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൽഹി, കർണാടക, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ ശൃംഖല വ്യാപിച്ചതായി പൊലീസ് കണ്ടെത്തി. രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ 22 പേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയതായി മൽഹോത്ര പറഞ്ഞു.
നിരവധി ആത്മഹത്യകൾക്കും ഇത് കാരണമായിട്ടുണ്ട്. സംഘം ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ചതായും ഓരോ അക്കൗണ്ടിലേക്കും പ്രതിദിനം ഒരു കോടിയിലധികം സമാഹരിച്ചതായും പൊലീസ് പറഞ്ഞു. ചൈനീസ് പൗരന്‍മാരുടെ നിര്‍ദേശപ്രകാരമാണ് തങ്ങളിത് ചെയ്‌തതെന്നും അവര്‍ വെളിപ്പെടുത്തി. ഇവര്‍ കബളിപ്പിച്ച് നേടിയ പണം തിരികെ പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Also Read: ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലൂടെ 2,000 രൂപ വായ്‌പയെടുത്തു; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 15 ലക്ഷം