ഉഡുപ്പി: കര്‍ണാടകയിലെ കുണ്ഡപൂര്‍ താലൂക്കിലെ മുടുരു ഗ്രാമത്തില്‍ ശ്‌മശാന സംവിധാനമില്ലാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ച വിഷയമായിരുന്നു. 50 വയസ് പ്രായമുള്ള വ്യക്തിയുടെ മൃതദേഹം വീടിന്‍റെ മുറ്റത്ത് ദഹിപ്പിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള മരങ്ങള്‍ക്ക് തീപടര്‍ന്ന് വലിയ അപകടം സംഭവിച്ചിരുന്നു. എന്നാല്‍, ഇതുവരെയും ഗ്രാമത്തില്‍ ശ്‌മശാന സംവിധാനം ഏര്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ആധുനിക സംവിധാനങ്ങളോടു കൂടിയ മൊബൈല്‍ ശ്‌മശാനം സ്വന്തം ചിലവില്‍ വാങ്ങി കയ്യടി നേടിയിരിക്കുകയാണ് മുടുരുവിലെ കാർഷിക സഹകരണ സംഘം.
'സഞ്ചരിക്കുന്ന ശ്‌മശാനം' സംസ്ഥാനത്ത് ഇതാദ്യമായി: ഗ്രാമത്തില്‍ മരണം സംഭവിച്ചാല്‍ പ്രദേശവാസികള്‍ക്ക് മൃതദേഹം സംസ്‌കരിക്കാന്‍ ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. എന്നാല്‍ ഏറെ നാളുകളായി പ്രദേശവാസികളുടെ പൊതുശ്‌മശാനം എന്ന ആവശ്യം നിറവേറ്റുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കാർഷിക സഹകരണ സംഘം 'സഞ്ചരിക്കുന്ന ശ്‌മശാനം' എന്ന പേരില്‍ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് മൊബൈല്‍ ശ്‌മശാനം എന്ന ആശയം സാധ്യമാകുന്നത്. സംഘടനയുടെ പ്രസിഡന്‍റ് എം. വിജയ ശാസ്‌ത്രി, വൈസ് പ്രസിഡന്‍റ് നക്ഷത്ര ബോവി, ഡയറക്‌ടറും സിഇഒയുമായ പ്രഭാകര്‍ പൂജാരി എന്നിവരുടെ നേതൃത്വത്തിലാണ് ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സാധിച്ചത്. സഹകരണ സംഘത്തിന്‍റെ മരണ ഫണ്ടില്‍ നിന്നാണ് യന്ത്രത്തിന്‍റെ തുക ഈടാക്കുന്നത്.
ചെലവുകള്‍ വഹിക്കുന്നത് സഹകരണ സംഘം: ശവസംസ്‌കാരത്തിനുള്ള യന്ത്രം, ഗ്യാസ്, മറ്റ് ചെലവുകൾ എന്നിവയും മുടുരു കാർഷിക സഹകരണ സംഘം തന്നെ വഹിക്കും. ഗ്യാസിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് ഏകദേശം ഏഴ് അടി നീളവും രണ്ട് അടി വീതിയും നാല് അടി ഉയരവുമാണുള്ളത്. വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍ തടസം നേരിടാതിരിക്കാനാണ് ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമൊരുക്കിയിരിക്കുന്നത്.
മൃതദേഹം യന്ത്രത്തിനുള്ളില്‍ നിക്ഷേപിച്ചതിന് ശേഷം കര്‍പ്പൂരമുപയോഗിച്ച് കത്തിച്ച് മുകള്‍ ഭാഗം അടച്ചതിന് ശേഷം ഗ്യാസ് കണക്‌ട് ചെയ്‌താല്‍ ശവ സംസ്‌കാര പ്രക്രിയ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. ഗ്യാസിലൂടെ ജ്വലനം നടക്കുന്നതിനാല്‍ വായു മലിനീകരണ രഹിതവുമായിരിക്കും. കൂടാതെ യന്ത്രം പരിസ്ഥിതി സൗഹൃദവുമാണ്.
യന്ത്രം അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു: സംസ്‌കാരത്തിനായി 10 കിലോ ഗ്യാസും 100 ഗ്രാം കുന്തിരിക്കവും ആവശ്യമാണ്. 5,80,000 രൂപയാണ് യന്ത്രത്തിന്‍റെ വില. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റാര്‍ ചെയര്‍ കമ്പനിയാണ് യന്ത്രം നിര്‍മിച്ചത്.
'ശവസംസ്‌കാരത്തിനായി യന്ത്രം എവിടെ വേണമെങ്കിലും കൊണ്ടുപോകുവാന്‍ സാധിക്കും. ചില ആളുകള്‍ക്ക് വീടുകളില്‍ തന്നെ സംസ്‌കാരം നടത്താനാണ് താത്‌പര്യം. അനായാസം യന്ത്രം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു'-മുതുരു സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റ് വിജയ ശാസ്‌ത്രി പറഞ്ഞു
'പാരമ്പര്യ കര്‍മങ്ങള്‍ അനുസരിച്ച് സംസ്‌കരിക്കാനും ഇതിലൂടെ സാധിക്കും. ഞങ്ങളുടെ സഹകരണ സംഘം തന്നെയാണ് യന്ത്രത്തിന്‍റെ ചിലവ് വഹിക്കുന്നതെന്ന്' അദ്ദേഹം വ്യക്തമാക്കി .