ലോകത്ത് എന്തിനും ഏതിനും മലയാളിയുണ്ട്. ചന്ദ്രനില്‍ ചായക്കട നടത്താൻ വരെ മലയാളി റെഡിയാണ്. സച്ചിനെ ട്രോളിയ റഷ്യൻ ടെന്നിസ് സുന്ദരി മരിയ ഷറപോവയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല ഇട്ടവരാണ് മലയാളികൾ. ഈ കൊവിഡ് കാലത്ത് അടച്ചിടലിന്‍റെ വേദനയില്‍ അടങ്ങി ഇരിക്കുമ്പോൾ അതാ വരുന്നു "ക്ലബ് ഹൗസ്". ഇന്ന് ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യുന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷൻ. വർത്തമാനത്തിലും വാർത്തയിലും ഇടം പിടിച്ച ക്ലബ് ഹൗസിന്‍റെ കഥ വല്ലാത്തൊരു കഥയാണ്. നമ്മുടെ നാട്ടിൻപുറത്തെ ചായക്കടകളിലും സലൂണുകളിലും കവലകളിലും നടന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചർച്ചകൾ ലോകത്ത് മറ്റൊരിടത്തും നടന്നിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെയാകണം വർത്തമാനത്തിനായി ഒരു ആപ്ലിക്കേഷൻ വന്നപ്പോൾ മലയാളി അതിനെ ഹൃദയം തുറന്ന് സ്വീകരിച്ചതും. അതിലേക്ക് തള്ളിക്കയറുന്നതും.
എല്ലാവർക്കും സംസാരിക്കാനും അനുകൂല- പ്രതിവാദങ്ങൾക്കും നമ്മുടെ നാട്ടിൻപുറങ്ങളിലെ ജനാധിപത്യമര്യാദ അനുവദിച്ചിരുന്നു. പക്ഷേ നാട്ടിൻപുറ ചർച്ചകളില്‍ നിന്ന് ദൃശ്യമാധ്യമങ്ങളിലെ ചർച്ചകളിലേക്ക് കാര്യങ്ങൾ പടർന്നു കയറിയപ്പോൾ സമയപരിമിതിക്കും സംസാര സ്വാതന്ത്ര്യത്തിനും വലിയ ഉറപ്പ് നൽകാനായില്ല. മാധ്യമ ചർച്ചകളില്‍ വിഷയങ്ങൾക്ക് വ്യക്തതയും ആശയസമ്പുഷ്ടതയും നഷ്ടമായി. എന്നാൽ, സൂര്യന് താഴെയുള്ള എന്തിനെ കുറിച്ചും പറയാനും കേൾക്കാനും സംവദിക്കാനുമെല്ലാം ഒരു പുതിയ വാതായനം തുറന്നിട്ടുകൊണ്ട് രോഹൻ സേത്ത് എന്ന ഇന്ത്യൻ അമേരിക്കനും പോൾ ഡേവിസൺ എന്ന അമേരിക്കൻ ബിസിനസുകാരനും ഒന്നിച്ചപ്പോൾ ക്ലബ് ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുണ്ടായി. അത് വൻ വിജയവുമായി.
ക്ലബ്ബ് ഹൗസിന്‍റെ പിന്നാമ്പുറം
സ്മാർട്ട് ഫോണുകളുടെ കടന്നുവരവും തിരക്കേറിയ ജീവിതചര്യയും നാട്ടിൻ പുറത്തെ ചായക്കടകളിലെ സൊറ പറച്ചിലുകൾക്ക് ആഘാതമായിരുന്നു. കൊവിഡും ലോക്ക് ഡൗണും വന്നതോടെ അതെല്ലാം തീരെ കുറഞ്ഞുവെന്ന് തന്നെ പറയാം.
പരാജയപ്പെട്ട രണ്ട് ബുദ്ധികളുടെ, ഒരു തവണ കൂടി ശ്രമിച്ചു നോക്കാമെന്ന ധൈര്യത്തിന്‍റെ ആകെ തുകയാണ് ക്ലബ്ബ് ഹൗസ്. പല സ്റ്റാർട്ടപ്പുകൾക്കായി ശ്രമിച്ചും പരാജയപ്പെട്ടും അതിൽ നിന്ന് പഠിച്ചും രോഹൻ സേത്തും പോൾ ഡേവിസനും വികസിപ്പിച്ചെടുത്ത ആശയവിനിമയത്തിനുള്ള ആപ്ലിക്കേഷൻ.. അതാണ് ക്ലബ് ഹൗസ്.
ഇരിക്കാനും നടക്കാനും സംസാരിക്കാനും കഴിയാത്ത തന്‍റെ മകൾക്കും അവളെപ്പോലെയുള്ള കുട്ടികൾക്കും വേണ്ടി രോഹൻ സേത്ത് കൊണ്ടുവന്ന സ്റ്റാർട്ടപ്പ്. അതിനുവേണ്ടിയുള്ള ഓട്ടത്തിനിടയിൽ അയാൾ പോൾ ഡേവിസൺ എന്ന സ്റ്റാൻഫോഡ് കില്ലാടിയെ വീണ്ടും കണ്ടുമുട്ടാനിടയായി. അങ്ങനെയാണ് ക്ലബ്ബ് ഹൗസ് നിർമിക്കാമെന്ന് ഇരുവരും ആലോചിച്ച് തുടങ്ങുന്നത്. രോഹൻ അപ്പോഴേക്കും ഗൂഗിളിൽ നിന്ന് മാറിയിരുന്നു, താൻ തുടങ്ങിവച്ച മറ്റൊരു സ്റ്റാർട്ടപ്പ് വിൽക്കുകയും ചെയ്തു. പോളാകട്ടെ ഹൈലൈറ്റ് എന്ന തന്‍റെ സോഷ്യൽ മീഡിയ ഉദ്യമത്തിൽ പരാജയം സമ്മതിച്ച് നിൽക്കുന്ന സമയവും.
ശബ്‌ദത്തിലൂടെ ആശയവിനിമയം നടത്താനാകുന്ന ക്ലബ്ബ് ഹൗസ് ഇരുവരുടെയും അശ്രാന്ത പരിശ്രമത്തിന്‍റെ ഉൽപ്പന്നമാണ്. തന്‍റെ മകൾക്ക് സംസാരിക്കാനാകില്ലെങ്കിലും, അവളും ഒരിക്കൽ ശബ്‌ദിച്ചു തുടങ്ങുമെന്ന് രോഹൻ പ്രതീക്ഷിക്കുന്നുണ്ടാകാം. പറയാൻ അവസരം കിട്ടാത്ത പലർക്കും ഒരു വേദി വാഗ്ദാനം ചെയ്‌തതിന് പിന്നിലെ പ്രചോദനവും അത് തന്നെയാണ്. അങ്ങനെ പരസ്‌പരം കാണാതെ, ലോകത്ത് എന്തിനെ കുറിച്ചും സംസാരിക്കാൻ ഒരു വേദി സജ്ജമായി.
ക്ലബ്ബ് ഹൗസ് ലോഗോയിലെ ലേഡി
എന്നാൽ ഇവരാരുമല്ല ക്ലബ്ബ് ഹൗസിന്‍റെ ലോഗോയിലുള്ളത്. ബോക്‌സ് ബോബ് ഹെയർകട്ടുള്ള ലേഡിയും ക്ലബ്ബ് ഹൗസും തമ്മിലെന്താണ് ബന്ധമെന്ന് തിരഞ്ഞ് മിക്കവരും ഗൂഗിളിലേക്ക് ചെന്നപ്പോഴാണ് ക്ലബ്ബ് ഹൗസിന് ഇനിയും അറിയേണ്ട ചരിത്രങ്ങളുണ്ടെന്ന് മനസിലാക്കുന്നത്.
അമേരിക്കയിലെ ഏഷ്യൻ വംശീയ അധിക്ഷേപത്തിനെതിരെ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച ഡ്രൂ കറ്റൗകയെയാണ് ക്ലബ്ബ് ഹൗസിന്‍റെ മുഖമുദ്രയായി പതിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഒരു ലക്ഷം ഡോളറിലധികം പണം സ്വരൂപിച്ചും ഏഷ്യൻ അമേരിക്കൻ വംശജർക്കായി അവർ പ്രയത്‌നിച്ചു. ആപ്ലിക്കേഷന്‍റെ തുടക്കകാലത്ത് പങ്കാളിയായിരുന്ന കറ്റോഗക്ക് 7 ലക്ഷം ഫോളോവേഴ്സും ക്ലബ്ഹൗസിൽ ഉണ്ട്. കൂടാതെ, പ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ കറ്റോഗ ക്ലബ് ഹൗസിലൂടെ വിവിധ എൻജിഒകൾക്കും സംഘടനകൾക്കും പണം സംഭാവന ചെയ്യുന്നതിനുള്ള ഫീച്ചർ ഉൾപ്പെടുത്തുന്നതിലും പ്രവർത്തിച്ചു. ആഗോള തലത്തിൽ തന്നെ ഏറ്റവും പ്രശസ്തമായ ഡ്രൂ കറ്റൗക സ്റ്റുഡിയോസിന്‍റെ സ്ഥാപക കൂടിയാണ് ഇവർ.
ട്രെൻഡിങ്ങിലെ ക്ലബ്ബ് ഹൗസ്
ക്ലബ്ബ് ഹൗസ് ഈയിടെ പൊട്ടിപ്പുറപ്പെട്ട സൈബർ ഉൽപ്പന്നമല്ല. ഒരു വർഷത്തോളമായി ഐഒഎസ് ആപ്ലിക്കേഷനായി ക്ലബ്ബ് ഹൗസ് നിലവിലുണ്ട്. എന്നാൽ, വളരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഈ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് ഫോണുകളിലെ പ്ലേ സ്റ്റോറുകളിൽ സ്ഥാനം പിടിച്ചത്.
ലോക്ക് ഡൗൺ കൂടിയായപ്പോൾ പ്ലേ സ്റ്റോറിൽ നിന്ന് ഫോൺ മെമ്മറിയിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷന്‍റെ എണ്ണത്തിലും വർധനവുണ്ടായി. എന്നാൽ, ഫേസ്ബുക്കിലെയോ ട്വിറ്ററിലെയോ പോലെ നേരെ പോയി അക്കൗണ്ട് എടുക്കാൻ ക്ലബ്ബ് ഹൗസിൽ സാധിക്കില്ല. മറ്റൊരാളുടെ ക്ഷണത്തോടെ ആപ്പിലേക്ക് സ്വാഗതം. ഇമെയിൽ അഡ്രസും ഫോട്ടോയും ഉൾപ്പെടുത്തി യൂസർ നെയിമും പാസ്‌വേർഡും ഉണ്ടാക്കാം. അക്കൗണ്ട് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഇഷ്ടമുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാം. പിന്നീട് സെർച്ച് ബാറിലൂടെ വൈവിധ്യ വിഷയങ്ങളുടെ ക്ലബ്ബ് റൂമുകളിലേക്ക് പോകുകയും ചെയ്യാം. ആവശ്യമുള്ളപ്പോൾ പ്രൊഫൈൽ ഫോട്ടോ മാറ്റാനും ഹോബികളും തൊഴിൽമേഖലയും അടക്കമുള്ള വ്യക്തഗത വിവരങ്ങൾ ഉൾപ്പെടുത്താനും ക്ലബ്ബ് ഹൗസിൽ സൗകര്യമുണ്ട്. കൂടാതെ, ട്വിറ്ററിന്‍റെയോ ഇൻസ്റ്റഗ്രാമിന്‍റെയോ ലിങ്കുകൾ വേണമെങ്കിൽ പ്രൊഫൈലിലേക്ക് കൂട്ടിച്ചേർക്കാം.
ചർച്ച ബോറായാൽ 'ലീവ് ക്വയറ്റ്ലി' എന്ന ടാബമർത്തി പുറത്തുകടക്കാം. ഇൻവിറ്റേഷൻ അയച്ച് കൂട്ടുകാരെയും തങ്ങളുടെ ചർച്ചയിലേക്ക് കൊണ്ടുവരാം. എന്താണ് ചർച്ച വിഷയങ്ങൾ എന്ന് ചോദിച്ചാൽ സാമൂഹിക വിഷയമാകാം, പുതിയതായി കേട്ട വാർത്തയാകാം, സിനിമയാകാം അതുമല്ലെങ്കിൽ ബിസിനസ് തന്ത്രങ്ങളോ തമാശയോ വരെ മിണ്ടിപ്പറഞ്ഞിരിക്കാം.
മുമ്പ് പറഞ്ഞ പോലെ ജനാധിപത്യ മര്യാദയുള്ള തുല്യ അവസരമാണ് ക്ലബ്ബ് ഹൗസിന്‍റെ ഏറ്റവും വലിയ സവിശേഷത. മൾട്ടി ടാസ്‌ക് സാധ്യമാക്കുന്നതിനാൽ വീട്ടിലെ പണികൾക്കിടയിൽ ആണെങ്കിൽ പോലും ചർച്ച മിസ് ആക്കേണ്ടി വരില്ല. വെറും കേൾവിക്കാരായിരിക്കണമെങ്കിൽ അതിനും ക്ലബ്ബ് ഹൗസിൽ സൗകര്യമുണ്ട്.
ക്ലബ്ബ് ഹൗസിലെ ചാറ്റ് റൂമുകൾ
ഓപ്പൺ, ക്ലോസ്‌ഡ്, സോഷ്യൽ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ചാറ്റ് റൂമുകളാണ് ആപ്ലിക്കേഷനിലുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ ഓപ്പൺ ക്ലബ്ബ് റൂമുകളിലേക്ക് ആർക്കും കടന്നുവരാം, കേൾവിക്കാരാകാം, ചർച്ചയിൽ പങ്കെടുക്കാം. സോഷ്യൽ റൂമുകളിൽ നമ്മുടെ ഫോളോവേഴ്‌സിന് മാത്രമാണ് അനുമതി. ക്ലോസ്‌ഡ് ചാറ്റ് റൂമുകളിൽ ക്ഷണിക്കപ്പെടുന്നവർക്ക് മാത്രമാണ് പ്രവേശനം. ഒരു ചാറ്റ് റൂമില്‍ 5000 പേർക്ക് വരെ പങ്കെടുക്കാം.
വാർത്താ ചാനലുകളിലെ ചർച്ചകളിൽ കാണാറുള്ള മോഡറേറ്ററും സംവാദങ്ങളും ചാറ്റ് റൂമിലുമുണ്ട്. എന്നാൽ, സംവദിക്കാനും സംസാരിക്കാനും ആപ്ലിക്കേഷൻ സമയപരിമിധി നൽകുന്നില്ല. അതുപോലെ, ഒരേ താൽപര്യങ്ങൾ ഉള്ളവരാണ് ചർച്ചയിലേക്ക് പങ്കാളിയാകുന്നു എന്നതിനാൽ പ്രതിവാദങ്ങളേക്കാൾ, കൂടുതൽ ആശയങ്ങളും ആഴത്തിലുള്ള സംഭാഷണങ്ങളുമാണ് ക്ലബ്ബ് ഹൗസ് സാധ്യമാക്കുന്നത്. സെലിബ്രിറ്റികളുണ്ടെങ്കിൽ ആ ചാറ്റ് റൂമുകൾക്ക് കൂടുതൽ പ്രശസ്തിയുള്ളതായും കണ്ടുവരുന്നു.
ഒരാഴ്‌ചക്കുള്ളിൽ 10 മില്യൺ ആളുകളാണ് ക്ലബ്ബ് ഹൗസിന്‍റെ ഭാഗമായത്. എന്തിന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് അടക്കമുള്ള പ്രമുഖർ ആപ്ലിക്കേഷനിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. മലയാളികളാണ് ക്ലബ്ബ് ഹൗസിലെ റൂമുകളിൽ സജീവം. തങ്ങളുടെ സാമൂഹികകാഴ്‌ചപ്പാടും പ്രതിബന്ധതയും തുറന്നുകാട്ടാൻ എപ്പോഴും ഇഷ്ടപ്പെടുന്നതിനാൽ തന്നെ, പരിമിതികളുളള ഫേസ്ബുക്കും ഏറെ പ്രചാരമുള്ള വാട്‌സ്ആപ്പും മാറ്റിവച്ച് ഈ പുതിയ സൈബർ ഇടത്തിലേക്കുള്ള മലയാളികളുടെ കടന്നുവരവിൽ അതിശയിക്കേണ്ടതില്ല.
Also Read: കാര്‍ട്ടൂണ്‍ അവതാരം, സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയി ടൂണ്‍ ആപ്പ്
ഇനിയുള്ള ഓൺലൈൻ ക്ലാസ്സുകളും ഓഫിസ് മീറ്റുകളും കോൺഫറൻസും വാട്‌സ്ആപ്പും ഗൂഗിൾ മീറ്റും എല്ലാം വിട്ട് ക്ലബ് ഹൗസിലേക്ക് ചേക്കേറുന്നതിനുള്ള സാധ്യതയും വിദൂരമല്ല. എന്നാൽ, ആപ്പിൾ ഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും വ്യത്യസ്‌ത ഫീച്ചറാണുള്ളതെന്നതും ക്ഷണിക്കപ്പെടാതെ വരാനാകില്ലെന്നതും ക്ലബ്ബ് ഹൗസിന്‍റെ പോരായ്മയാണ്. ഒപ്പം, നേരിയ രീതിയിലാണെങ്കിലും വ്യാജന്മാർക്ക് സാധ്യതയുണ്ടെന്നത് പൃഥ്വിരാജ്, ദുൽഖർ, ടൊവിനോ ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരിൽ പ്രചരിക്കുന്ന ക്ലബ്ബ് ഹൗസ് അക്കൗണ്ടുകൾ വ്യക്തമാക്കുന്നു. എന്തായാലും മലയാളിയില്ലാത്ത ഒരു പരിപാടിയും ലോകത്ത് ഇല്ലാതില്ല. ക്ലബ് ഹൗസും അങ്ങനെ തന്നെ. ഇനി ലോകം ക്ലബ് ഹൗസിനു ചുറ്റും കറങ്ങുന്നത് കാണാം. ഡൗൺ ലോഡ് ചെയ്യാതെ മാറി നില്‍ക്കുന്നവരെ കൂടി ക്ലബ് ഹൗസ് ആകർഷക വലയത്തിലാക്കി കഴിഞ്ഞു.