ഷിലോങ്: മേഘാലയയില്‍ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മയുടെ ഓഫിസിനെ നേരെ ആക്രമണം. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. മേഘാലയയിലെ ടുറയെ ശീതകാല തലസ്ഥാനമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണ സമയത്ത് മുഖ്യമന്ത്രി സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റിട്ടില്ലെന്ന് ഓഫിസ് അറിയിച്ചു.
ടുറയെ ശീതകാല തലസ്ഥാനമാക്കണമെന്ന് ആവശ്യമുന്നയിച്ച് നൂറുകണക്കിനാളുകളാണ് മുഖ്യമന്ത്രി കോണ്‍റാഡ് സാങ്‌മയുടെ ഓഫിസിന് മുന്നിലെത്തിയത്. ഇതോടെ ഓഫിസിനകത്തുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ കഴിയാതായി. ഗാരോ ഹില്‍സ് ആസ്ഥാനമായുള്ള സിവില്‍ സൊസൈറ്റ് ഗ്രൂപ്പുകള്‍ ടുറയെ ശീതക്കാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ഏറെ നാളായി ആവശ്യം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്.
സമാധാന ചര്‍ച്ചക്കിടെ മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്: ACHIK (Achik Conscious Holistically Integrated Krima), GHSMC (Garo Hills State Movement Committee) എന്നിവയുടെ പ്രതിനിധികളാണ് ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാര്‍ ഓഫിസിന് മുന്നില്‍ നിലയുറപ്പിച്ചതോടെ അവരുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായി. സംസാരിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായി.
ഇതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലെത്തിയത്. ഇതോടെ പ്രതിഷേധക്കാരെ പിരിച്ച് വിടാനായി പൊലീസ് ലാത്തിവീശി. ഇതേ തുടര്‍ന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തിന് പിന്നാലെ ടുറയില്‍ കനത്ത പൊലീസ് സുരക്ഷയും രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്‌തു.
സംഘര്‍ഷത്തില്‍ പ്രതികരണവുമായി പൊലീസ്: മുഖ്യമന്ത്രിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ടുറയെ ശീതക്കാല തലസ്ഥാനമാക്കി മാറ്റണമെന്ന് ആവശ്യമുന്നയിച്ചെത്തിയ ജനങ്ങളോട് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഏതാനും പേര്‍ കല്ലെറിഞ്ഞത്. ആവശ്യമുന്നയിച്ച് പ്രതിഷേധിച്ചെത്തിയ ജനങ്ങള്‍ക്കിടയില്‍ അക്രമകാരികളായ പുറത്ത് നിന്നുള്ള ആളുകളുണ്ടായിരുന്നുവെന്നും അവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.
സംഭവ സ്ഥലത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. സംഘര്‍ഷത്തിന് പിന്നാലെ ടൗണിലെ വിവിധയിടങ്ങളില്‍ അക്രമികള്‍ ടയറുകള്‍ കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചിട്ടുണ്ട്. ടുറയെ ശീതകാല തലസ്ഥാനമാക്കണമെന്ന് ആവശ്യമുന്നയിച്ചെത്തിയ ജനങ്ങളുമായി മുഖ്യമന്ത്രി ഏറെ നേരം സമാധാനപരമായി ചര്‍ച്ച നടത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
also read: West Bengal: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘര്‍ഷം ശക്തം; 7 ബാഗുകളില്‍ ക്രൂഡ് ബോംബ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്