മുംബൈ : റിലീസിന് മുമ്പ് തന്നെ വിവാദത്തിലായ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ഇന്ന് രാജ്യത്തുടനീളം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രത്തിനെതിരെ പല ഹിന്ദുസംഘടനകളും എതിര്‍പ്പുമായി നേരത്തേ മുതല്‍ രംഗത്തുണ്ട്. മഹാരാഷ്‌ട്രയില്‍ പ്രത്യേകിച്ച് മുംബൈയില്‍ കൂടുതല്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത് രാജ്‌താക്കറെയുടെ നേതൃത്വത്തിലുള്ള നവനിര്‍മാണ്‍ സേനയാണ്.
മുബൈയില്‍ നിറഞ്ഞ സദസുകളിലാണ് പഠാന്‍ ഇന്ന് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ പഠാന്‍ പ്രദര്‍ശിപ്പിക്കാനായി നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന മറാത്തി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് റദ്ദാക്കുകയാണെങ്കില്‍ തിയേറ്റര്‍ ഉടമകള്‍ അതിന്‍റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് നവനിര്‍മാണ്‍ സേന നല്‍കിയത്. പഠാന്‍ റിലീസ് ചെയ്‌തതോടെ പ്രദര്‍ശനം റദ്ദാക്കിയ മറാത്തി ചിത്രങ്ങളുടെ പ്രദര്‍ശനം പുനരാരംഭിക്കണമെന്നും നവ നിര്‍മാണ്‍ സേന ആവശ്യപ്പെട്ടു.
സ്വപ്‌നിൽ ജോഷി, സുബോധ് ഭാവെ എന്നിവർ അഭിനയിച്ച 'വാൽവി', റിതേഷ് ദേശ്‌മുഖ്, ജെനീലിയ എന്നിവർ അഭിനയിച്ച 'വേഡ്' തുടങ്ങിയ ജനപ്രീതി ലഭിച്ച മറാത്തി ചിത്രങ്ങളുടെ സ്‌ക്രീനുകള്‍ പഠാന് നല്‍കി എന്നാണ് നവനിര്‍മാണ്‍ സേന ആരോപിക്കുന്നത്.