ബെംഗളൂരു: കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി സജീവമായിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപി 224, കോണ്‍ഗ്രസ് 223, ജെഡിഎസ് 211 എന്നിങ്ങനെയാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളുടെ എണ്ണം പ്രഖ്യാപിച്ചത്. ഇവയില്‍ അധികം സ്ഥാനാര്‍ഥികളും ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മറ്റൊരു വിഭാഗം ആറും എട്ടും തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരാണ്.
മത്സരരംഗത്തിറങ്ങുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് എംഎല്‍എ ആര്‍ വി ദേശ്‌പാണ്ഡെ തന്നെയാണ്. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം തവണ മത്സരിച്ച മുതിര്‍ന്ന നേതാവ്. ഒന്‍പത് തവണയായിരുന്നു ഖാര്‍ഗെ എംഎല്‍എ സ്ഥാനം അലങ്കരിച്ചത്.
ആര്‍ വി ദേശ്‌പാണ്ഡെ: തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിച്ച് എട്ട് തവണയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ വി ദേശ്‌പാണ്ഡെ വിജയിച്ചത്. ഒറ്റത്തവണ മാത്രമായിരുന്നു ദേശ്‌പാണ്ഡെയ്‌ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോള്‍ 10-ാമതായി തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ് അദ്ദേഹം. 1983 മുതല്‍ 1994 വരെ ജനത പരിവാര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം നാല് തവണയാണ് എംഎല്‍എയായത്. ശേഷം, 1999ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് 2004, 2013, 2018 വര്‍ഷത്തില്‍ തുടര്‍ച്ചയായി അദ്ദേഹം വിജയിച്ചു. എന്നാല്‍ 2008 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സുനില്‍ ഹെഗ്‌ഡെയുമായുള്ള തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലില്‍ ദേശ്‌പാണ്ഡെയെ കാത്തിരുന്നത് തോല്‍വിയായിരുന്നു.
സിദ്ധരാമയ്യ: ഉപതെരഞ്ഞെടുപ്പ് ഉള്‍പെടെ 10 തവണയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മത്സരിച്ചത്. അതില്‍ എട്ട് തവണയാണ് അദ്ദേഹത്തിന് വിജയിക്കുവാന്‍ സാധിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ ശിവ ബസാപ്പയ്‌ക്കെതിരെ 250 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ 1989, 1999, 2018 തുടങ്ങിയ വര്‍ഷങ്ങളിലാണ് അദ്ദേഹത്തിന് തോല്‍വി ഏറ്റുവാങ്ങേണ്ടതായി വന്നത്. കഴിഞ്ഞ 2018ലെ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ ബദാമിയില്‍ വിജയമുറപ്പിച്ചപ്പോള്‍ ചാമുണ്ടേശ്വരിയില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടതായി വന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോള്‍ സ്വന്തം നിയോജക മണ്ഡലത്തില്‍ നിന്ന് സിദ്ധരാമയ്യയ്‌ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതും ശ്രദ്ധേയമാണ്. ഈ സമയം ബദാമിയില്‍ നേരിയ ഭൂരിപക്ഷത്തിലാണ് സിദ്ധരാമയ്യ വിജയം ഉറപ്പിച്ചത്.
ഡി കെ ശിവകുമാര്‍: ഏഴ് തെരഞ്ഞെടുപ്പുകളിലാണ് കെപിസിസി അധ്യക്ഷന്‍ കൂടിയായ ഡി കെ ശിവകുമാര്‍ വിജയിച്ചത്. ഇത് എട്ടാം തവണയാണ് അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത്. 1983ല്‍ സതനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാണ് അദ്ദേഹം ആദ്യമായി എംഎല്‍എ ആകുന്നത്. 1999ല്‍ സി എം കുമാരസ്വാമിക്കെതിരെ 56,000 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം വിജയിച്ചത്. 2008ല്‍ കനകപുര നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം വിജയിച്ചിരുന്നു.
ജഗദീഷ് ഷെട്ടാര്‍: മുന്‍ ബിജെപി മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച വാര്‍ത്ത ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആറ് തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അദ്ദേഹം എംഎല്‍എയായി. എന്നാല്‍, ഈ വര്‍ഷം ബിജെപിയുടെ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ഏഴാം തവണ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി, നിയമസഭ സ്‌പീക്കര്‍, മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ദീര്‍ഘനാളത്തെ രാഷ്‌ട്രീയ പരിചയമുണ്ട് എന്നതും ശ്രദ്ധേയമാണ്. 1994ല്‍ ഹൂബ്ലി റൂറല്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാണ് അദ്ദേഹം ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തെ കാത്തിരുന്നത് വിജയമായിരുന്നു.
കെ ആര്‍ രമേശ് കുമാര്‍: 1978 വര്‍ഷം മുതല്‍ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ സജീവ സാന്നിധ്യമായിരുന്നു കെ ആര്‍ രമേശ് കുമാര്‍. മന്ത്രി, മുന്‍ സ്‌പീക്കര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം ഇതേ വര്‍ഷത്തില്‍ അദ്യമായി എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടു. ശേഷം, 1978 വര്‍ഷത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹത്തിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 1985ല്‍ ജനതാ പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ച് അദ്ദേഹം വിജയിച്ചു.
1989ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങി. 1994ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1999ല്‍ ഒരിക്കല്‍ കൂടി അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. 2004ല്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹത്തിനെ കാത്തിരുന്നത് തുടര്‍ച്ചയായ വിജയമായിരുന്നു.
വിശ്വേശര്‍ ഹെഗ്‌ഡെ കഗേരി: നിലവില്‍ നിയമസഭ സ്‌പീക്കറായ വിശ്വേശര്‍ ഹെഗ്‌ഡെ കഗേരി ആറ് തവണയാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 1994, 1999, 2004, 2008, 2013, 2018 തുടങ്ങിയ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പിനാണ് അദ്ദേഹം വിജയിച്ചത്. ഏഴാം തവണ സിര്‍സി നിയോജക മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഒരുങ്ങുന്നത്.
എച്ച് ജി രേവണ്ണ: 1994ലാണ് ആദ്യമായി എച്ച് ജി രേവണ്ണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തുടര്‍ന്ന് 1999, 2004, 2008, 2013, 2018 വര്‍ഷങ്ങളിലാണ് അദ്ദേഹം വിജയിച്ചത്. പൊതുമരാമത്ത് ഉള്‍പെടെ വ്യത്യസ്‌ത വകുപ്പുകളിലായി അദ്ദേഹം മന്ത്രിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ആറ് തവണയാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഹോളനരസിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ഏഴാം തവണ മത്സരിക്കാനൊരുങ്ങുന്നത്.
എം ബി പാട്ടീല്‍: കോണ്‍ഗ്രസ് കാമ്പയിന്‍ കമ്മിറ്റിയുടെ അധ്യക്ഷനായ അദ്ദേഹം 1991ലെ തിക്കോട്ട നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു ആദ്യമായി മത്സരിച്ച് വിജയിച്ചത്. 2004ല്‍ തിക്കോട്ടയില്‍ നിന്നും അദ്ദേഹം ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ മണ്ഡലങ്ങള്‍ പുനര്‍രൂപീകരിച്ചപ്പോള്‍ 2013, 2018 വര്‍ഷങ്ങളില്‍ ബാബലേശ്വര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്വാധീനമുള്ള മന്ത്രിയായും നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.
വി സോമന്ന: ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള വളരെയധികം സ്വാധീനവും ശക്തവുമായ നേതാവാണ് വി സോമന്ന. അഞ്ച് തവണ എംഎല്‍എയായും രണ്ട് തവണ നിയമസഭ കൗണ്‍സില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ബിന്നിപ്പെട്ട് മണ്ഡലത്തിലെ ജനതാദള്‍ സ്ഥാനാര്‍ഥിയായി 1994ല്‍ മത്സരിച്ച് അദ്ദേഹം വിജയിച്ചു. 1999ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം തുടര്‍ന്നും വിജയിച്ചു.