ചിക്കമംഗളൂരു: കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനെത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്‌തതായി പരാതി. കര്‍ണാടക ഹുല്ലെമനെ കുണ്ടൂർ ഗ്രാമത്തിലാണ് സംഭവം. എംഎല്‍എ എം പി കുമാരസ്വാമിയെ ആണ് ഗ്രാമവാസികള്‍ കൈയേറ്റം ചെയ്‌തത്.
ഇന്നലെ രാവിലെ 7.30ഓടെയാണ് ശോഭ (35) എന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
യുവതിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകിട്ട് 6 മണിയോടെ ഗ്രാമത്തില്‍ എത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. കാട്ടാന യുവതിയെ ആക്രമിച്ച സംഭവത്തില്‍ എംഎല്‍എയുടെ പ്രതികരണം വൈകിയതിനെ ചൊല്ലി എംഎല്‍എയും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് എംഎല്‍എയോട് പ്രദേശത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കൈയേറ്റം ചെയ്‌തത്.
പൊലീസ് ഇടപെട്ട് എംഎല്‍എയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് താന്‍ ഗ്രാമത്തിലേക്ക് വന്നതെന്നും എന്നാല്‍ പൊലീസ് തന്നെ തെറ്റിദ്ധരിപ്പിച്ച് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു എന്നും ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്ന താന്‍ പോകാന്‍ തയ്യാറായില്ലെന്നും കുമാരസ്വാമി പറഞ്ഞു.