ലഖ്‌നൗ : യുപിയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഷികോഹാബാദ് എംഎൽഎ മുകേഷ് വർമ കൂടി പാർട്ടി വിട്ടു.
ഒരു എംഎൽഎ കൂടി രാജി വച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നതോടെ നില തെറ്റിയ അവസ്ഥയിലാണ് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി.
ഷികോഹാബാദ് എംഎൽഎ മുകേഷ് വർമ കൂടി പാർട്ടി വിട്ടതോടെ മൂന്ന് ദിവസത്തിനിടക്ക് പാർട്ടിയിൽ നിന്നും രാജി വയ്ക്കുന്ന നേതാക്കളുടെ എണ്ണം ഏഴ് ആയി.
സ്വാമി പ്രസാദ് മൗര്യയാണ് തങ്ങളുടെ നേതാവെന്നും അദ്ദേഹം എന്ത് തീരുമാനമെടുത്താലും ഞങ്ങൾ പിന്തുണയ്ക്കുമെന്നും മുകേഷ് വർമ പറഞ്ഞു. വരും ദിവസങ്ങളിൽ നിരവധി നേതാക്കള്‍ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുമെന്ന് മുകേഷ് വർമ കൂട്ടിച്ചേർത്തു.