ചെന്നൈ: അധികാരത്തിലെത്തിയാൽ 100 ദിവസത്തിനുള്ളിൽ ജനങ്ങൾ സമർപ്പിച്ച പരാതികൾക്ക് പരിഹാരം കാണുമെന്ന് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) പ്രസിഡന്‍റ് എം കെ സ്റ്റാലിൻ. 17 ലക്ഷത്തിലധികം പരാതികളാണ് ഓൺലൈൻ വഴിയും അല്ലാതെയുമായി ഇതുവരെ ലഭിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധികാരത്തിലെത്തും. അധികാരത്തിലെത്തിയാൽ അടിസ്ഥാന പ്രശ്നങ്ങൾക്ക് 100 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് സ്റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി 243 മണ്ഡലങ്ങളിൽ 195 ലും സന്ദർശനം നടത്തി. എടപ്പാടി പളനിസാമിയുടെ മണ്ഡലത്തിൽ നിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചതെന്ന് സ്റ്റാലിൻ കൂട്ടിച്ചേർത്തു.
സ്റ്റാലിൻ നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം മാർച്ച് 15ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മസ്ഥലമായ തിരുവാരൂരിൽ നിന്ന് ആരംഭിക്കും. തിരുവാരൂർ, മന്നാർഗുഡി, നന്നിലം എന്നീ മണ്ഡലങ്ങളിലാകും സ്റ്റാലിൻ ഇന്ന് പ്രചാരണത്തിനിറങ്ങുക.
ഏപ്രിൽ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 173 സീറ്റുകളിൽ ഡിഎംകെയും 61 സീറ്റുകളിൽ സഖ്യകക്ഷികളും മത്സരിക്കും. ഇതിൽ തന്നെ 187 സീറ്റുകളിൽ ഡിഎംകെയുടെ ചിഹ്നത്തിലാവും തെരഞ്ഞെടുപ്പിനെ നേരിടുക. കോൺഗ്രസ് പാർട്ടിക്ക് 25 സീറ്റുകളും സിപിഐ, സിപിഐ(എം), വിടുതലൈ ചിരുതൈഗള്‍ കക്ഷി, വൈകോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നിവക്ക് 6 വീതം സീറ്റുകൾ നൽകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.