ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വർഷം പൂർത്തിയാക്കിയതിന് പിന്നാലെ സര്‍ക്കാർ ബസില്‍ യാത്ര ചെയ്‌ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസില്‍ സഞ്ചരിച്ച സ്റ്റാലിന്‍ യാത്രക്കാരോട് സുഖ വിവരങ്ങള്‍ ആരാഞ്ഞു. ചെന്നൈയിലെ രാധാകൃഷ്‌ണന്‍ സാലൈ റോഡില്‍ സര്‍വീസ് നടത്തുന്ന നമ്പര്‍ 29 സി ബസിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി സഞ്ചരിച്ചത്.
ബസിലെ സ്‌ത്രീ യാത്രക്കാരോട് മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തമിഴ്‌നാട്ടില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയാണ് അനുവദിച്ചിരിക്കുന്നത്. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നായിരുന്ന സ്‌ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതി, അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.
സര്‍ക്കാർ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം, നഗര മേഖലയില്‍ കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി ജനക്ഷേമ പദ്ധതികളാണ് എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ മറീന ബീച്ചിലുള്ള ഡിഎംകെ സ്ഥാപകന്‍ സി.എന്‍ അണ്ണാദുരൈ, പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി എന്നിവരുടെ ശവകുടീരവും എം.കെ സ്റ്റാലിന്‍ സന്ദർശിച്ചു.
പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയാണ് ഡിഎംകെ സര്‍ക്കാര്‍ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറിയത്. 2006-11 കാലഘട്ടത്തില്‍ കരുണാനിധി സര്‍ക്കാരില്‍ ഉപ മുഖ്യമന്ത്രിയായിട്ടുള്ള എം.കെ സ്റ്റാലിന്‍ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നതും 2021ലാണ്.