ഐസ്വാൾ: അസമും ത്രിപുരയുമായുള്ള പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മിസോറാം മുഖ്യമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന ഘടകം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ അതിർത്തി തർക്കങ്ങൾ പരിഹരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കത്തിൽ പറയുന്നു.
"മിസോറാമിൽ നിലവിൽ ബിജെപി സഖ്യമാണ് അധികാരത്തിൽ ഇരിക്കുന്നത്. അസമിലും ത്രിപുരയിലും നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. അതിനാൽ ബിജെപി ഭരിക്കുന്ന കാലയളവിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇതിനായി ചർച്ചകൾ നടത്തണം", സോറംതാങ്കയ്ക്ക് അയച്ച കത്തിൽ ബിജെപി പറഞ്ഞു.
നേരത്തെ മിസോറാമിലെ തന്നെ മുതിർന്ന രാഷ്ട്രീയ നേതാക്കാൾ ഇക്കാര്യം ആവശ്യപ്പെട്ട് സോറംതാങ്കയെ സമീപിച്ചിരുന്നു. 164.6 കിലോമീറ്റർ നീളത്തിലാണ് അസമുമായി മിസോറാം അതിർത്തി പങ്കിടുന്നത്. ത്രിപുരയുമായുള്ള അതിർത്തി 66 കിലോമീറ്ററാണ്. 1995 മുതൽ സംസ്ഥാനങ്ങൾ തമ്മിൽ അതിർത്തി തർക്കത്തിലാണ്. നിരവധി ചർച്ചകൾ നടത്തിയെങ്കിലും എല്ലാം പരാജയപെടുകയായിരുന്നു.
Also Read: പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറിക്കെതിരെ നിയമനടപടികളുമായി കേന്ദ്രം
ജൂൺ അഞ്ചിനാണ് അസമും മിസോറാമും തമ്മിൽ അവസാന ചർച്ച നടന്നത്.