ഐസ്വാള്‍ (മിസോറാം) : മിസോറാം നിയമസഭ തെരഞ്ഞെടുപ്പ് തൂത്തുവാരി സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ് (Zoram People's Movement -ZPM). 40 അംഗ സഭയില്‍ 27 സീറ്റുകള്‍ നേടിയാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ് മിസോറാമില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത് (Mizoram assembly election result 2023). ലാല്‍ദുഹോമയാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്‍റിന്‍റെ മുഖ്യമന്ത്രി മുഖം.
ഒറ്റയ്‌ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ് തലവന്‍ കൂടിയായ ലാല്‍ദുഹോമ പ്രതികരിച്ചു. അടുത്ത ദിവസങ്ങളില്‍ ഗവര്‍ണറെ കാണാനാണ് തീരുമാനം. സെര്‍ചിപ്പ് മണ്ഡലത്തില്‍ എംഎന്‍എഫിന്‍റെ ജെ മല്‍സോംജ്വാല വന്‍ച്ചോങ്ങിനെ 2,982 വോട്ടുകല്‍ക്ക് പരാജയപ്പെടുത്തിയാണ് ലാല്‍ദുഹോമ സീറ്റ് ഉറപ്പിച്ചത് (Mizoram New government by ZPM party).
കോലാസിബ്, ചല്‍ഫിയ, താവി, ഐസ്വാള്‍ നോര്‍ത്ത് I, ഐസ്വാള്‍ നോര്‍ത്ത് II, ഐസ്വാള്‍ നോര്‍ത്ത് III, ഐസ്വാള്‍ ഈസ്റ്റ് II, ഐസ്വാള്‍ വെസ്റ്റ് I, ഐസ്വാള്‍ വെസ്റ്റ് II, ഐസ്വാള്‍ വെസ്റ്റ് III, ഐസ്വാള്‍ സൗത്ത് I, ഐസ്വാള്‍ സൗത്ത് II, ഐസ്വാള്‍ സൗത്ത് III, ലെങ്‌ടെങ്, തുയ്‌ചാങ്, ചാംപൈ നോര്‍ത്ത്, ചാംപൈ സൗത്ത്, ടുയികം, ഹ്രാങ്‌ടൂര്‍സോ, സൗത്ത് ടുയ്‌പുയ്, ലുങ്‌ലെയ് നോര്‍ത്ത്, ലുങ്‌ലെയ് ഈസ്റ്റ്, ലുങ്‌ലെയ് വെസ്റ്റ്, ലുങ്‌ലെയ് സൗത്ത്, സെര്‍ചിപ്പ് മണ്ഡലങ്ങളിലാണ് സോറം പീപ്പിള്‍സ് പാര്‍ട്ടി വിജയക്കൊടി പാറിച്ചത്. ഭരണ കക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് ഏഴ് മണ്ഡലങ്ങള്‍ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു (Mizoram 2023 assembly election result).
മാമിക്, ട്യൂറിയല്‍, സെര്‍ലൂയി, തുയ്വാള്‍, ഈസ്റ്റ് ടുയ്‌പുയ്, വെസ്റ്റ് ടുയ്‌പുയ്, തൊറാങ് എന്നീ സീറ്റുകളിലാണ് മിസോ നാഷണല്‍ ഫ്രണ്ട് വിജയിച്ചത്. പാലക്, സൈഹ സീറ്റുകള്‍ ബിജെപി കീഴടക്കി. കോണ്‍ഗ്രസിന് കേവലം ഒരു സീറ്റിലാണ് ലീഡ് ചെയ്യാനായത്.
പരാജയപ്പെട്ടവരില്‍ മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്നുണ്ട്. മിസോറാം ഉപമുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഗ്രാമവികസന മന്ത്രി തുടങ്ങിയവര്‍ പരാജയപ്പെട്ടു. രാവിലെ 8 മണിക്കാണ് മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. 13 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടന്നു. ഇന്നലെ (ഡിസംബര്‍ 3) നടക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ ഇന്നേക്ക് മാറ്റുകയായിരുന്നു. മിസോറാമിന് പുറമെ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരുന്നു.
Also Read: സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി രേവന്ത് റെഡ്ഡി, കേന്ദ്ര തീരുമാനത്തിന് കാത്ത് തെലങ്കാന കോൺഗ്രസ്