ബെലഗാവി (കർണാടക) : അമ്മൂമ്മയുടെ വീടിന് സമീപം കളിക്കുന്നതിനിടെ കാണാതായ മൂന്ന് വയസുകാരിയെ നാല് ദിവസത്തിന് ശേഷം സമീപത്തെ വനത്തിൽ നിന്ന് കണ്ടെത്തി. ബെലഗാവി ജില്ലയിലെ ചിരേഖാനി ഗ്രാമത്തിലാണ് സംഭവം.
ഏപ്രിൽ 25നാണ് തവരഗട്ടി സ്വദേശിയായ ശിവാജി ഇത്തഗേക്കർ ഭാര്യയും മകൾ അതിഥിയുമൊത്ത് ഭാര്യയുടെ അമ്മയുടെ വീട്ടിലെത്തുന്നത്. ഏപ്രിൽ 26നാണ് പെൺകുട്ടിയെ കാണാതാകുന്നത്. ഗ്രാമവാസികളും കുടുംബാംഗങ്ങളും മൂന്ന് ദിവസം കുട്ടിയെ തിരഞ്ഞിട്ടും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ 29ന് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസുകാർ വനംവകുപ്പിന്‍റെ സഹായം തേടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്‌ച(ഏപ്രിൽ 30) വൈകുന്നേരത്തോടെ വീട്ടിൽ നിന്നും 2.5 കിലോമീറ്റർ അകലെയുള്ള വനത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
തളർന്ന നിലയിലായിരുന്നു പെൺകുട്ടി. കൈകളിലും കാലുകളിലും ഉറുമ്പിന്‍റെയും മറ്റ് പുഴുക്കളുടെയും കടിയേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കുട്ടിയെ കണ്ടെത്തിയ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ബെലഗാവി ജില്ല ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.