ജയ്‌പൂർ: രാജസ്ഥാനിൽ ജ്വല്ലറി ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അജ്ഞാതസംഘം സ്വർണവും പണവും കവർന്നു. കിഷൻ ലാൽ സോണിയിൽ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും രണ്ട് ലക്ഷം രൂപയുമാണ് അപഹരിച്ചത്. മാതാ റാണി ജ്വല്ലറിയില്‍ കടന്നുകയറിയ പ്രതികള്‍ ഉടമയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു. ശേഷം ഇയാളുടെ ഫോണും കടയിലെ സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചു.
ശനിയാഴ്‌ച വൈകുന്നേരം രാജസ്ഥാനിലെ പാലിയിലാണ് സംഭവം. കട തുറന്നയുടനെ മൂന്നംഗ സംഘം അതിക്രമിച്ച് കയറി ഉടമയായ കിഷൻ ലാലിനോട് സ്വർണവും പണവും ആവശ്യപ്പെട്ടു. ഇയാള്‍ കൂട്ടാക്കാതിരുന്നതോടെ സംഘം തോക്ക് പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. കോട്വാലി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.