മീററ്റ് (ഉത്തർപ്രദേശ്) : പേര് ചോദിച്ച ശേഷം മുസ്ലിം യുവാവിനെ ആറംഗ സംഘം ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കനാലിൽ തള്ളാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് പൊലീസ് എത്തിയതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് യുവാവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീററ്റിലെ സർധന തഹ്‌സിലിലെ കൈലി ഗ്രാമത്തിലാണ് ക്രൂരമായ സംഭവം. രാവിലെ നടക്കാൻ ഇറങ്ങിയ സിഷാൻ എന്ന യുവാവിനെയും സുഹൃത്തിനെയും സ്ലാവ ചെക്ക് പോസ്റ്റ് എത്തുന്നതിന് മുൻപ് അക്രമികൾ തടഞ്ഞുനിർത്തുകയും പേര് ചോദിക്കുകയുമായിരുന്നു. യുവാവിന്‍റെ പേര് അറിഞ്ഞ ശേഷം അക്രമികൾ ഇഷ്‌ടികയും വടിയും ഉപയോഗിച്ച് ഇയാളെ ആക്രമിച്ചു. ഇതിനിടയിൽ സിഷാന്‍റെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു.
Also read: ഓട്ടോറിക്ഷയില്‍ മോദിയുടെ ചിത്രം: മര്‍ദനം ആരോപിച്ച് മുസ്‌ലിം യുവാവ്
ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ സിഷാനെ കനാലിൽ തള്ളാൻ ശ്രമം നടത്തി. എന്നാല്‍ പ്രദേശത്ത് പെട്രോളിംഗ് നടത്തുന്ന പൊലീസിനെ കണ്ടതോടെ നീക്കം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഘത്തിലുണ്ടായിരുന്ന മുഴുവനാളുകളെയും തിരിച്ചറിഞ്ഞതായും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.