പൂനെ(മഹാരാഷ്‌ട്ര): ട്യൂഷൻ അധ്യാപിക ശുചിമുറി ഉപയോഗിക്കവെ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി പത്താം ക്ലാസ് വിദ്യാർഥി. പൂനെയിലെ അലങ്കാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 56കാരിയായ അധ്യാപിക ശുചിമുറി ഉപയോഗിക്കാൻ പോയപ്പോൾ 16കാരനായ വിദ്യാർഥി ഒളിക്യാമറ വഴി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
കഴിഞ്ഞ 5 വർഷമായി അധ്യാപിക വിദ്യാർഥിയെ പഠിപ്പിക്കാൻ വീട്ടിൽ പോകുമായിരുന്നു. ശുചിമുറി ഉപയോഗിക്കാനായി ബാത്ത്റൂമിൽ പോയപ്പോൾ സോപ്പ് പെട്ടിക്കുള്ളിൽ ക്യാമറ പോലെ എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നോക്കിയപ്പോൾ ഫോൺ ആണെന്ന് കണ്ടെത്തുകയായിരുന്നു.
ഫോൺ തന്‍റെ പക്കൽ സൂക്ഷിച്ച ശേഷം അധ്യാപിക പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ ഒളിപ്പിച്ചത് വിദ്യാർഥിയാണെന്ന് കണ്ടെത്തി. വീട്ടിൽ പഠിപ്പിക്കുന്നതിനിടെ വിദ്യാർഥി അധ്യാപികയുടെ നെഞ്ചിന്‍റെ ദൃശ്യങ്ങൾ പകർത്തിയെന്നും അധ്യാപികയുടെ പരാതിയിൽ പറയുന്നു.
അധ്യാപികയുടെ പരാതിയിൽ വിദ്യാർഥിക്കെതിരെ ഐപിസി 354 (സി), ഐടി ആക്‌ട് 66 (ഇ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പൊലീസ് മൊബൈൽ ഫോൺ കണ്ടുകെട്ടി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കുമെന്ന് സീനിയർ പൊലീസ് ഇൻസ്‌പെക്‌ടർ രാജേന്ദ്ര സഹാനെ പറഞ്ഞു.
Also Read: K Rail| 'താമരസമരം'; തിരുനാവായയിൽ കെ റെയിലിനെതിരെ വേറിട്ട സമരം