കലിയഗഞ്ച്: പശ്ചിമ ബംഗാളിലെ കലിയഗഞ്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് അനാസ്ഥ സംഭവിച്ചെന്ന് കുടുംബം. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് തിടുക്കപ്പെട്ട് സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. ഇതിനായി മൃതദേഹം വലിച്ചിഴച്ച് ആംബുലൻസിൽ കയറ്റിയെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഒന്നടങ്കം റോഡ് ഉപരോധിച്ചു. എന്നാൽ, നാട്ടുകാരുടെ ആരോപണം വസ്‌തുതാവിരുദ്ധമാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി തെളിവുകളും മറ്റ് വിവരങ്ങളും ശേഖരിക്കുന്നതിനായാണ് മൃതദേഹം പെട്ടെന്ന് സ്ഥലത്ത് നിന്ന് മാറ്റേണ്ടി വന്നത്. കൂടാതെ, മൃതദേഹം വലിച്ചിഴച്ചല്ല ആംബുലൻസിൽ കയറ്റിയതെന്നും വിഷയത്തിൽ പ്രതികരിച്ച് റായ്‌ഗഞ്ച് എസ്‌പി സന്ന അക്തർ പറഞ്ഞു.
പോസ്റ്റുമോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ലൈംഗികാതിക്രമത്തെ തുടർന്ന് മുറിവേറ്റിട്ടുണ്ടോ എന്ന വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഡോക്‌ടർമാരുമായി ബന്ധപ്പെടുമെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിൽ പൊലീസിന്‍റെ അനാസ്ഥ തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് എസ്‌പി വ്യക്തമാക്കി.
ഏപ്രില്‍ 20ാം തിയതി ഉച്ചയോടെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. തുടർന്ന് വെള്ളിയാഴ്‌ച വീടിന് പിന്നിലെ വാഴത്തോട്ടത്താൽ ചുറ്റപ്പെട്ട കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മകളെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് പിടികൂടി. എന്നാൽ ഇയാൾക്ക് ഈ കുറ്റകൃത്യം ഒറ്റയ്‌ക്ക് ചെയ്യാൻ കഴിയില്ലെന്നും കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
തുടർന്ന് കേസിൽ ശരിയായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകണമെന്നും പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ റോഡ് ഉപരോധിക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കുമെന്നതിനാൽ മൃതദേഹം ഹൈന്ദവ ആചാരപ്രകാരം സംസ്‌കരിക്കാതെ വീടിന് മുന്നിൽ കുഴിച്ചിടുകയാണ് കുടുംബം ചെയ്‌തത്.
പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ: പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്‌പൂരിലെ കലിയഗഞ്ചിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഏപ്രിൽ 21 മുതൽ പ്രതിഷേധം ശക്തമാണ്. പ്രതിഷേധം സംഘർഷാവസ്ഥയിലേക്കും എത്തി.
കാറിന്‍റെ ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പെൺകുട്ടിയുടെ കൊലപാതകത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 20ന് ഉച്ചയോടെ വീട്ടിൽ നിന്ന് പോയ വിദ്യാർഥിനിയെയാണ് കാണാതായത്. കുടുംബാംഗങ്ങൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, ഏപ്രിൽ 21ാം തിയതി രാവിലെ ഒന്‍പത് മണിയോടെയാണ് പ്രദേശവാസി, പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്.
സംസ്ഥാന സർക്കാരിനെതിരെ ബിജെപി: സംസ്ഥാന സർക്കാരിന്‍റെ നിഷ്ക്രിയത്വം കാരണം അക്രമികൾക്ക് ഇളവ് ലഭിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ആരോപണം. ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുകാന്ത മജുംദാർ, മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. എംപി ദേബശ്രീ ചൗധരി, എംഎൽഎ ഖഗെൻ മുർമു, ശ്രീരൂപ മിത്ര ചൗധരി തുടങ്ങി നിരവധി പേർ സുകാന്ത മജുംദാറിനോടൊപ്പം എത്തി. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ എല്ലാ ചെലവുകളും വഹിക്കുമെന്നും മജുംദാർ പറഞ്ഞു.
Also read : കൗമാരക്കാരിയുടെ മൃതദേഹം കുളത്തിൽ; ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതെന്ന് കുടുംബം, പ്രദേശത്ത് പ്രതിഷേധം