ഹൈദരാബാദ് : ഹൈദരാബാദിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. 11കാരിയാണ് മെയ് 31ന് പീഡനത്തിനിരയായത്. 17കാരിയെ ആഡംബര കാറിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്‌ത് ദിവസങ്ങൾക്കകമാണ് വീണ്ടും ഹൈദരാബാദിൽ കൗമാരക്കാരി പീഡനത്തിനിരയായത്.
സംഭവത്തിൽ ടാക്‌സി ഡ്രൈവറും കൂട്ടാളിയും അറസ്റ്റിലായി. ടാക്‌സി ഡ്രൈവർ ഷെയ്ഖ് കലീം അലി എന്ന കലീം, മുഹമ്മദ് ലുഖ്‌മാൻ അഹമ്മദ് യസ്‌ദാനി എന്ന ലുഖ്‌മാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
മെയ് 31ന് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മൊഗൽപുര പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഐപിസി സെക്ഷൻ 363 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. ജൂൺ 1ന് പുലർച്ചെ അഞ്ച് മണിക്ക് പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി.
പിന്നീട് മൊഴി രേഖപ്പെടുത്തുന്നതിനായി പെൺകുട്ടിയെ ഭറോസ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്നാണ് താൻ പഹാഡി ഷെരീഫിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയാണെന്നും പീഡനത്തിനിരയായ വിവരവും പെൺകുട്ടി വെളിപ്പെടുത്തുന്നത്.
Also Read: ഹൈദരാബാദ് കൂട്ടബലാത്സംഗം : പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ ഉള്‍പ്പടെ 5 പേര്‍ അറസ്റ്റിൽ
പെൺകുട്ടി തനിച്ചിരിക്കുന്നത് കണ്ട കലീം എവിടെയെങ്കിലും പോകണോ എന്ന് ചോദിച്ച് പെൺകുട്ടിയെ സമീപിച്ചു. ഷഹീൻ നഗറിലേക്ക് പോകണമെന്നും എന്നാൽ കൈയിൽ പണമില്ലെന്നും പെൺകുട്ടി മറുപടി നൽകി. പെൺകുട്ടിയെ വീട്ടിലാക്കാമെന്ന് വാഗ്‌ദാനം നൽകി കലീം കാറിൽ കയറ്റി കൊണ്ടുപോയി. വഴിമധ്യേ രണ്ടാം പ്രതി ലുഖ്‌മാനെ കാറിൽ കയറ്റുകയും ഇരുവരുമൊത്ത് കൊണ്ടുർഗ് ഗ്രാമത്തിലുള്ള ലുഖ്‌മാന്‍റെ വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോകുകയും ചെയ്‌തു.
അവിടെ വച്ച് ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് കലീം പെൺകുട്ടിയെ തന്‍റെ ടാക്‌സിയിൽ സുൽത്താൻഷാഹിയിൽ ഇറക്കിവിടുകയായിരുന്നു. പെൺകുട്ടി ബറോസ കേന്ദ്രത്തിൽ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.