ചിക്കബെല്ലാപുര്‍ (കര്‍ണാടക) : വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 14കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന ഒന്‍പതാം ക്ലാസുകാരിയാണ് അമ്മയായത് (14 year old girl gave birth to baby boy in Chikkaballapur). സംഭവത്തില്‍ തുംകൂര്‍ സാമൂഹ്യക്ഷേമ വകുപ്പ് ഗ്രേഡ് വണ്‍ അസിസ്റ്റന്‍റ് ഡയറക്‌ടര്‍ ശിവണ്ണയേയും ഹോസ്റ്റല്‍ വാര്‍ഡന്‍ നിവേദിതയേയും സസ്‌പെന്‍ഡ് ചെയ്‌തു.
ഇന്നലെ (ജനുവരി 11) ആണ് പെണ്‍കുട്ടി പ്രാദേശിക ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം ബാഗേപള്ളി താലൂക്ക് ആശുപത്രിയില്‍ പോയി കുത്തിവയ്‌പ്പ് എടുത്തിരുന്നു. അല്‍പ സമയത്തിന് ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ട കുട്ടിയുമായി അമ്മ വീണ്ടും ആശുപത്രിയില്‍ എത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടി 2.2 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുട്ടി ആരോഗ്യവാനാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
അമ്മയേയും കുഞ്ഞിനെയും വിദഗ്‌ധ പരിചരണത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഗര്‍ഭിണിയായ പെണ്‍കുട്ടിയിലെ മാറ്റങ്ങള്‍ മാതാപിതാക്കളും അധ്യാപകരും അറിഞ്ഞില്ലേ എന്ന തരത്തില്‍ ചോദ്യങ്ങളും ഉയരുന്നുണ്ട്. അതേസമയം കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികത ഒന്നും തന്നെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ നിവേദിത പറഞ്ഞു.