വൈശാലി: ബിഹാറിലെ വൈശാലിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വൈശാലിയിലെ ബാലിഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 15കാരിക്ക് നേരെയാണ് ക്രൂരത. വ്യാഴാഴ്‌ച രാത്രി വീടിന് പുറത്തുള്ള കുളിമുറിയിൽ, കുളിക്കാനായി പോയ പെണ്‍കുട്ടിയെ അഞ്ച് പേർ ചേർന്ന് ബലം പ്രയോഗിച്ച് അടുത്തുള്ള മാമ്പഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനത്തിന് ശേഷം കൗമാരക്കാരിയെ പ്രതികൾ ബലമായി കീടനാശിനി കുടിപ്പിച്ചു. വിവരം മറച്ചുവയ്‌ക്കാൻ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പെണ്‍കുട്ടിയെക്കൊണ്ട് കീടനാശിനി കുടിപ്പിച്ചത്. ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി വീട്ടിലെത്തി അമ്മുമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പീഡനവിവരം പറഞ്ഞതിന് പിന്നാലെ പെണ്‍കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ശേഷം അമ്മൂമ്മ, പട്‌നയിൽ താമസിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുകയും ഇവരെത്തി പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന്, പടേപൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പല്ലവി കുമാരി സ്ഥലത്തെത്തുകയും പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
പ്രഥമശുശ്രൂഷയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാൽ ഡോക്‌ടർമാർ ഇവരെ ഹാജിപൂർ സദർ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പെണ്‍കുട്ടി നിലവിൽ ബോധരഹിതയാണെന്നും നില ഭേദപ്പെട്ടാല്‍ മാത്രമേ മൊഴിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും എസ്‌ഐ പല്ലവി കുമാരി പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടി മുത്തശ്ശിയോടൊപ്പം വൈശാലിയിലാണ് താമസിക്കുന്നത്. ഇവരുടെ മാതാപിതാക്കൾ പട്‌നയിലാണ് താമസം. എല്ലാ രാത്രിയിലും മകളെ ഫോണ്‍ വിളിക്കാറുണ്ടെന്നും എന്നാൽ സംഭവ ദിവസം രാത്രി 11 മണിക്ക് വിളിച്ചപ്പോൾ ഫോണ്‍ എടുത്തില്ലെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. ഫോണ്‍ എടുക്കാത്തതിനാൽ ഉറങ്ങിപ്പോയതാകാം എന്നാണ് മാതാവ് കരുതിയത്.
എന്നാൽ കുറച്ച് കഴിഞ്ഞ് മുത്തശ്ശി വിളിച്ച് സംഭവം പറയുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു. അതേസമയം, എല്ലാ ദിവസവും തന്നെയും കൂട്ടിയാണ് പെണ്‍കുട്ടി കുളിക്കാൻ പോകുന്നത്. എന്നാൽ അന്ന് താൻ ഉറങ്ങിയതിനാൽ ഉണർത്തേണ്ടായെന്ന് കരുതി കുട്ടി ഒറ്റയ്‌ക്ക് പുറത്ത് പോവുകയായിരുന്നുവെന്നും മുത്തശ്ശി പറഞ്ഞു.
ബലാത്സംഗത്തിന് ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി: കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിനിരയായി വിദ്യാർഥിനി മരിച്ചിരുന്നു. ജയ്‌സിങ്‌പൂർ സ്വദേശിയായ കൗമാരക്കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി രണ്ട് മാസത്തിന് ശേഷമാണ് കൊലപ്പടുത്തിയത്. പീഡനത്തിന് ശേഷം പ്രതികൾ പെണ്‍കുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ജനുവരി 30നാണ് കോട്വാലി മേഖലയിലെ ബഹ്‌രി ഗ്രാമവാസിയായ ബീരെ എന്നയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായതോടെ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനകം പ്രതികൾ പെണ്‍കുട്ടിയെ സൂറത്തിൽ എത്തിച്ചിരുന്നു.
ഇതിൽ അന്വേഷണം നടക്കുന്നതിനിടെ മാർച്ച് 28ന് പ്രതികൾ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നാലെ പ്രതികൾ വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും ചെയ്‌തു. ഈ വിവരം പ്രതികൾ തന്നെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചറിയിച്ചത്. തുടർന്ന് പിതാവ് വിവരം അറിയിച്ചതിനെത്തുടർന്ന് സൂറത്തിലെത്തിയ പൊലീസ് സംഘമാണ് ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.