സൂറത്ത്: ഗര്‍ഭച്ഛിദ്രം നടത്തിയതിന് പിന്നാലെ പതിനേഴുകാരി മരിച്ചു. ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ സച്ചിന്‍ ജിഐഡിസി മേഖലയിലാണ് സംഭവം. ഉദാനി ശ്രീജി ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായി വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് വിഷയം പുറത്തറിഞ്ഞത്.
സംഭവം ഇങ്ങനെ: സഹോദരിക്കും സഹോദരിയുടെ ഭര്‍ത്താവിനും ഒപ്പം സൂറത്തിലെ സച്ചിന്‍ ജിഐഡിസി പ്രദേശത്ത് താമസിക്കുകയായിരുന്നു പെണ്‍കുട്ടി. സഹോദരി ഭര്‍ത്താവുമായി പെണ്‍കുട്ടി അടുപ്പത്തിലായി. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ സഹോദരി ഭര്‍ത്താവ് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ സമീപത്തെ ക്ലിനിക്കിലെ ഡോക്‌ടറുടെ പക്കല്‍ നിന്ന് വാങ്ങി നല്‍കി.
എന്നാല്‍ ആ മരുന്ന് കഴിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. താന്‍ ഗര്‍ഭിണി ആണെന്ന വിവരം പെണ്‍കുട്ടി സഹോദരിയെ അറിയിച്ചു. തുടര്‍ന്ന് സഹോദരി പെണ്‍കുട്ടിയെ ഉദാനി ശ്രീജി ആശുപത്രിയിലെത്തിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി.
ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
നടന്നത് നിയമവിരുദ്ധ ഗർഭച്ഛിദ്രം: പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടും ഡോക്‌ടര്‍ ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് നിയമപരമായ രേഖകളും മറ്റും ആവശ്യമാണെങ്കിലും ഡോക്‌ടര്‍ ഇതൊന്നും ആവശ്യപ്പെട്ടില്ല. നടന്നത് തികച്ചും നിയമ വിരുദ്ധമായ സംഭവമാണെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തില്‍ വിഷയത്തിന്‍റെ ഗൗരവം മനസിലായതോടെ പൊലീസ് മൂന്ന് ഡോക്‌ടര്‍മാര്‍ക്കെതിരെയും സഹോദരീഭര്‍ത്താവിനെതിരെയും കേസെടുത്തു. ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്നിനായി യുവാവ് സമീപിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടും പൊലീസിനെ അറിയിക്കാതെ മരുന്ന് നല്‍കിയ ക്ലിനിക്കിലെ ഡോക്‌ടര്‍, ഗര്‍ഭച്ഛിദ്രം നടത്തിയ ശ്രീജി ആശുപത്രിയിലെ ഡോക്‌ടര്‍, പെണ്‍കുട്ടി മരിച്ചത് പൊലീസില്‍ അറിയിക്കാതിരുന്ന മരണം സ്ഥിരീകരിച്ച ഡോക്‌ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഗര്‍ഭച്ഛിദ്ര റാക്കറ്റ് പുറത്ത്: നിയമ വിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തുന്നത് ശ്രീജി ആശുപത്രിയില്‍ പതിവാണെന്നും ആശുപത്രിയിലെ ഡോക്‌ടറായ ഹിരേണ്‍ ഗര്‍ഭച്ഛിദ്ര റാക്കറ്റിന്‍റെ കണ്ണിയാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.