അമേഠി (ഉത്തർ പ്രദേശ്): ഇലക്‌ട്രിക് കട്ടർ മോഷ്‌ടിച്ചു എന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ. അമേഠിയിലെ ഗൗരിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ പാണ്ഡെ പൂർവ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കുട്ടികളെ മർദിച്ചവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം വിഷയം അന്വേഷിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സിഒ ഗൗരിഗഞ്ച് മായങ്ക് ദ്വിവേദി പറഞ്ഞു. ചെറിയ കുട്ടികളെ തൂണിൽ കെട്ടിയിട്ട് നാട്ടുകാർ മർദിക്കുന്നതും പരിഹസിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ഇന്‍റർനെറ്റിൽ വൈറലായി മാറിയിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ തൂണിൽ കയർ കൊണ്ട് കെട്ടിയിട്ട് മർദിക്കുന്നതായിരുന്നു വീഡിയോ.
സംഭവസ്ഥലത്ത് വലിയ ജനക്കൂട്ടം ഉണ്ടായിരുന്നെങ്കിൽ പോലും ആരും കുട്ടികളെ മർദിക്കുന്നത് തടയുകയോ അവരെ സംരക്ഷിക്കുകയോ ചെയ്യുന്നില്ലെന്നതും വീഡിയോയിൽ ദൃശ്യമാണ്. തിക്രിയയിലെ സിമന്‍റ് ഫാക്‌ടറിൽ നിന്ന് ഇലക്‌ട്രിക് കട്ടർ മോഷ്‌ടിച്ചു എന്നാരോപിച്ചാണ് കുട്ടികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
പിടികൂടിയതിന് പിന്നാലെ പൊലീസിൽ അറിയിക്കുന്നതിന് പകരം അവർക്ക് ശിക്ഷ നൽകുന്നതിനായി നാട്ടുകാർ ചേർന്ന് കുട്ടികളെ അടുത്തുള്ള വൈദ്യുത തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടികളെ പിടികൂടിയതറിഞ്ഞ് പ്രദേശത്ത് ധാരാളം ആളുകളും തടിച്ച് കൂടി.
എന്നാൽ ഇത്തരമൊരു മനുഷ്യത്വരഹിതമായ പ്രവർത്തിയെ അവിടെ കൂടിനിന്നവർ എതിർക്കുകയോ, പൊലീസിനെ വിവരമറിയിക്കാൻ ശ്രമിക്കുകയോ ചെയ്‌തില്ലെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പിന്നാലെ പൊലീസ് നടപടിയെടുക്കുകയുമായിരുന്നു.
ടീച്ചറിന്‍റെ മർദനമേറ്റ് 12 കാരന്‍റെ കേൾവി നഷ്‌ടപ്പെട്ടു: ഇക്കഴിഞ്ഞ മാർച്ചിൽ ഹോം വർക്ക് ചെയ്യാത്തതിനെത്തുടർന്ന് ട്യൂഷൻ ടീച്ചറിന്‍റെ മർദനമേറ്റ് 12 വയസുകാരന്‍റെ കേൾവി ശക്‌തി നഷ്‌ടപ്പെട്ടിരുന്നു. മഹാരാഷ്‌ട്രയിലെ താനെയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഹോം വർക്ക് പൂർത്തിയാക്കാത്തതിനാൽ അധ്യാപകൻ കൈ ഉപയോഗിച്ച് കുട്ടിയുടെ ചെവിയുടെ ഭാഗത്ത് ശക്‌തിയായി അടിക്കുകയായിരുന്നു.
തുടർന്ന് കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയും മർദന വിവരം മാതാപിതാക്കളോട് പറയുകയുമായിരുന്നു. മാതാപിതാക്കളുടെ പരിശോധനയിൽ കുട്ടിയുടെ ചെവി നീരു വന്ന് വീർത്തതായി കണ്ടെത്തി. ചെവിയിൽ വേദന അനുഭവപ്പെടുന്നു എന്ന് കുട്ടി പറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കേൾവി ശക്‌തി നഷ്‌ടപ്പെട്ട വിവരം അറിയുന്നത്.
പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഭയന്ദർ പൊലീസ് അന്വേഷണം നടത്തുകയും ട്യൂഷൻ ടീച്ചർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), ജുവനൈൽ ജസ്റ്റിസ് ആക്‌ടിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുക്കുകയുമായിരുന്നു.
ALSO READ: ഹോം വർക്ക് ചെയ്‌തില്ല; ട്യൂഷൻ ടീച്ചറിന്‍റെ അടിയേറ്റ് 12 കാരന്‍റെ കേൾവി ശക്‌തി നഷ്‌ടപ്പെട്ടു
കുട്ടികൾക്ക് നേരെയുള്ള മർദനം കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്. എന്നാൽ രണ്ട് മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികളിൽ 60 ശതമാനം പേരും മാതാപിതാക്കളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ശാരീരിക പീഡനം നേരിടുന്നുണ്ടെന്നാണ് കണക്ക്.