ന്യൂഡല്‍ഹി : ഭീകരപ്രവര്‍ത്തനങ്ങളുമായും മറ്റ് മൗലികവാദങ്ങളുമായും ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ പ്രത്യേകം സെല്ലുകളില്‍ പാര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. തീവ്രവാദ കേസുകളിലെ തടവുകാരുടെ സാന്നിധ്യം മറ്റുള്ളവരെ പ്രതികൂലമായി സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണിതെന്നും കേന്ദ്രം പറയുന്നു. സംസ്ഥാനങ്ങള്‍ക്കയച്ച കത്തിലാണ് നിര്‍ദേശങ്ങളുള്ളത്.
2016 ലെ മോഡൽ പ്രിസൺ മാനുവൽ ഇതുവരെ പ്രാവര്‍ത്തികമാക്കാത്ത സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അത് സാധ്യമാക്കാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാല്‍ കുറ്റവാളികളായവരുടെ മനസ് മാറ്റുന്നതിനായി ജയിലുകളിൽ ഡീ-റാഡിക്കലൈസേഷൻ സെഷനുകൾ ആരംഭിക്കണം. വിചാരണ തടവുകാര്‍ ഉള്‍പ്പടെ വേറിട്ട വിഭാഗങ്ങളലുള്ളവരെ പ്രത്യേകം പാര്‍പ്പിക്കണം. ലഹരിമരുന്ന് ഉപയോഗം, ലഹരിക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയും മറ്റ് തടവുകാരില്‍ നിന്ന് മാറ്റിനിര്‍ത്തണം.
എല്ലാ ജില്ലാതല ജയിലുകളിലും കോടതികളിലും വീഡിയോ കോൺഫറൻസിങ് സൗകര്യം ഉപയോഗിക്കുന്നതിന് പ്രത്യേകം ശ്രമമുണ്ടാകണം. ഇത്തരമൊരു സൗകര്യം ലഭ്യമല്ലാത്തിടത്തോളം അടിയന്തരമായി വിഷയം ഏറ്റെടുക്കാന്‍ കോടതിയുമായി ചേര്‍ന്ന് സംസ്ഥാന ഭരണകൂടം ഉചിതമായ ക്രമീകരണങ്ങൾ ചെയ്യേണ്ടുന്നതാണ്. ജീവനക്കാരുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ ജയിലുകളില്‍ ഒഴിവുള്ള തസ്‌തികകളിലേക്ക് പ്രത്യേക റിക്രൂട്ട്‌മെന്‍റ് ഡ്രൈവ് ആരംഭിക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.