ബെംഗളൂരു : കമ്പനികളിലും വ്യവസായ ശാലകളിലും കന്നടികര്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കണമെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് കർണാടക മന്ത്രി മുരുഗേഷ് നിരാണി. വ്യവസായികള്‍ നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിയമസഭയിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-25 ലേക്കുള്ള വ്യാവസായിക നയത്തിലെ വ്യവസ്ഥ പ്രകാരം ഡി ഗ്രൂപ്പില്‍പ്പെടുന്ന വ്യവസായങ്ങളില്‍ 70 ശതമാനം ജോലികളും കന്നടികര്‍ക്ക് നല്‍കണം. മൊത്തം ജോലികളുടെ 85 ശതമാനവും കന്നടികര്‍ക്ക് നല്‍കണമെന്നായിരുന്നു ഇതേക്കുറിച്ച് പഠിച്ച ഡോ സരോജിനി മഹിഷ് നല്‍കിയ റിപ്പോര്‍ട്ട്.
Also Read: കര്‍ണൂലില്‍ വന്യമൃഗവേട്ട വ്യാപകം ; 11 കൃഷ്ണമൃഗങ്ങളെ കൊന്ന് ഇറച്ചിയും തോലുമെടുത്ത നിലയില്‍
രണ്ടാം നിര നഗരങ്ങളിൽ വ്യവസായ ടൗൺഷിപ്പുകൾ സ്ഥാപിച്ച് വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തുടനീളം അഞ്ച് ഡിവിഷനുകളാണുള്ളത്. ഫാക്ടറികൾക്ക് സമീപമുള്ള സാറ്റലൈറ്റ് ടൗണുകളിലെ സമീപത്തുള്ള ഭൂമിയുടെ 85 ശതമാനം വ്യവസായങ്ങൾക്കും ബാക്കി ടൗൺഷിപ്പുകൾക്കും അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെഡി (എസ്) എംഎൽസി സി എൻ മഞ്ചെ ഗൗഡയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തുംകൂരു, കലബുറഗി, ബെലഗാവി തുടങ്ങിയ ടയർ 2 നഗരങ്ങളിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കും. ഈ നഗരങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകുകയും ഇളവുകൾ നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനെ (ബിഇഎംഎൽ) കൈമാറാനുള്ള നീക്കവും നിരാണി നിഷേധിച്ചു. ബിഇഎംഎൽ ഫാക്ടറി കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണെന്നും അഭ്യൂഹങ്ങൾക്ക് ആരും ചെവികൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.