താനെ : സോഷ്യൽ മീഡിയ ഉപയോക്താവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി നേതാവുമായ ജിതേന്ദ്ര അവാദിന് ജാമ്യം. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച താനെയിലെ വർത്തക് നഗർ പൊലീസ് സ്റ്റേഷനിൽ അവാദ് ഹാജരാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. 10,000 രൂപ കെട്ടിവച്ച് ഒരു ആൾജാമ്യത്തിലാണ് അവാദിന് വിട്ടത്.
സിവിൽ എഞ്ചിനീയറായ ആനന്ദ് കാർമുസ് എന്ന വ്യക്തി നൽകിയ പരാതിയിലാണ് അറസ്റ്റ്. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിന്‍റെ പേരിൽ ജിതേന്ദ്ര അവാദ് തന്നെ വസതിയിലെത്തിച്ച് ആക്രമിച്ചെന്നായിരുന്നു പരാതി. ഇതേതുടർന്ന് കേസിൽ ഇടപെട്ട ബോംബെ ഹൈക്കോടതി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ താനെ പൊലീസിന് നിർദേശം നൽകി.
ALSO READ:ഏഴ് പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
2020 ഏപ്രിൽ അഞ്ചിന് വൈകുന്നേരം ചില പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി സ്റ്റേഷനിലേക്ക് എന്ന പേരിൽ കൊണ്ടുപോയത് അവാദിന്‍റെ വസതിയിലേക്കെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പേരിൽ 15ഓളം പേർ ചേർന്ന് തന്നെ മന്ത്രിയുടെ സാന്നിധ്യത്തിൽ മർദിക്കുകയായിരുന്നുവെന്നും കാർമുസ് ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ അവാദ് നിഷേധിച്ചു.
ആക്രമണം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി വർത്തക് നഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. അതേസമയം ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമയ്യ അവാദിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിക്ക് ജാമ്യം നല്‍കിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നുണ്ട്.