ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പിൽ എംഐഎമ്മും ബിജെപിയും മതവികാരമുണർത്തി ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതായി കോൺഗ്രസ് നേതാവ് മാരി ശശിധർ റെഡ്ഡി.
വികാരങ്ങൾ താൽകാലികമായി പ്രയോജനം നൽകുമെങ്കിലും, അത് ക്ഷേമത്തിനും വികസനത്തിനും ഉതകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ലെന്നും പാർട്ടി നേരിട്ട പരാജയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം കോൺഗ്രസിന് വോട്ട് ചെയ്‌തവർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു.
ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി(ടിആർഎസ്) 55 സീറ്റുകളിൽ വിജയം നേടിയപ്പോൾ ബിജെപി 48 സീറ്റുകൾ നേടി മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. 2016 ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി വിജയിച്ചതിനേക്കാൾ കുറച്ച് സീറ്റുകളിൽ മാത്രമാണ് ടിആർഎസിന് ഈ പ്രാവിശ്യം നേടാൻ സാധിച്ചത്. കഴിഞ്ഞ മാസം ഡബ്ബാക്ക് നിയമസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടിആർഎസിൽ നിന്ന് ബിജെപി സീറ്റ് പിടിച്ചെടുത്തിരുന്നു.
ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ 150 സീറ്റുകളിൽ 149 എണ്ണത്തിന്‍റെ ഫലം പ്രഖ്യാപിച്ചപ്പോൾ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.ഐ.എം 44 സീറ്റുകളും കോൺഗ്രസ് രണ്ട് സീറ്റുകളുമാണ് നേടിയത്.